| Sunday, 2nd June 2024, 4:15 pm

ലാൽ സാറിനെ പോലെ ഹാസ്യം ഇത്രയും നന്നായി ഒതുക്കി ചെയ്യുന്ന മറ്റൊരാൾ ഇല്ല: ഇന്ദ്രൻസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പിന്നണി പ്രവർത്തകനായി കരിയർ തുടങ്ങിയ നടനാണ് ഇന്ദ്രൻസ്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഇന്ദ്രൻസ് ഇന്ന് മലയാളത്തിലെ മികച്ച നടൻ കൂടിയാണ്.

മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രൻസ്. ഒരു ഹാസ്യ നടൻ എന്ന നിലയിൽ തനിക്ക് ഏറെ പ്രചോദനമായ നടനാണ് മോഹൻലാലെന്നും അധികം സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ദ്രൻസ് പറയുന്നു.മോഹൻലാലുള്ള സെറ്റ് നല്ല രസമാണെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. ട്രൂ കോപ്പി തിങ്കിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാൽ സാറുമായി അങ്ങനെ ഒരുപാട് സിനിമകൾ ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. കുറച്ച് സിനിമകൾ. അത് തന്നെ സാറിന്റെ ഓടിയ സിനിമകളിൽ ചേരാൻ പറ്റിയതാണ്. എനിക്ക് അപൂർവം സിനിമകളെയുള്ളൂ.

പക്ഷെ അതിന് മുമ്പ് വസ്ത്രാലങ്കാരം ചെയ്യുന്ന സമയത്ത് തന്നെ സാറുള്ള സമയത്ത് സെറ്റിൽ നല്ല ഉണർവാണ്. സാറിന്റെ ചിരിയും എല്ലാവരോടുമുള്ള ഇടപെടലുമൊക്കെ ഹാസ്യ നടനായത് കൊണ്ട് എനിക്കും ഒരുപാട് പ്രചോദനമായിട്ടുണ്ട്.

ബാലേട്ടൻ എന്ന ചിത്രത്തിലൊക്കെ അദ്ദേഹത്തോടൊപ്പം ശരിക്കും നല്ല മുഹൂർത്തങ്ങളുണ്ട്. അതൊക്കെ നല്ല ഒഴുക്കുള്ള അഭിനയമാണ്. ഹാസ്യം ഇത്ര നന്നായി ഒതുക്കി ചെയ്യുന്ന ഒരാൾ എനിക്ക് തോന്നുന്നത് ലാൽ സാർ മാത്രമാണ്.

ജഗതി ചേട്ടനെയും വലിയ ഇഷ്ടമാണ്. ജഗതി ചേട്ടനും ലാൽ സാറും കൂടെ കൂടിയാൽ സിനിമയിൽ മാത്രമല്ല ആ സെറ്റിലും നല്ല രസമാണ്,’ഇന്ദ്രൻസ് പറയുന്നു.

Content Highlight: Indrance Talk About Mohanlal

We use cookies to give you the best possible experience. Learn more