മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍, ഇപ്പോള്‍ എമ്പുരാന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.
ലൂസിഫറില്‍ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായി വന്നത് ഇന്ദ്രജിത്തായിരുന്നു. എമ്പുരാനിലും ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത് എത്തുന്നുണ്ട്. എമ്പുരാന്‍ എന്ന ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും ഇന്ന് (ഞായര്‍) പുറത്ത് വന്ന ക്യാരക്ടര്‍ റിവീലിങ് വീഡിയോയില്‍ സംസാരിക്കുകയാണ് ഇന്ദ്രജിത്ത്.
‘ലൂസിഫര്‍ എന്ന സിനിമ എല്ലാവരും കണ്ടതാണ്. ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു ട്രൂത്ത് സീക്കറാണ് (സത്യാന്വേഷി). ആര്‍ക്കുമറിയാത്ത സത്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ഡാര്‍ക്ക് വെബ്ബിലൂടെയും കടന്ന് ചെന്ന് ലോകത്തോട് വിളിച്ച് പറയുന്ന ആളായിരുന്നു ലൂസിഫറില്‍ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം. ആ കഥാപാത്രം തന്നെയാണ് എമ്പുരാനിലും തുടരുന്നത്.
ഇങ്ങനെയുള്ള പല ആളുകള്‍ക്കും ലോകം നമ്മുടെ വിരല്‍ തുമ്പിലാണ് എന്നൊരു തോന്നല്‍ ഉണ്ടാകും. പക്ഷെ അതിനേക്കാളും അപ്പുറം നമ്മള്‍ അറിയാത്ത കാര്യങ്ങളും ഈ ലോകത്തുണ്ട്, എത്ര അന്വേഷിച്ചാലും കണ്ടെത്താന്‍ കഴിയാത്ത ചില സത്യങ്ങള്‍ ലോകത്ത് മറഞ്ഞിരിപ്പുണ്ട് എന്ന ഗോവര്‍ദ്ധന്റെ തിരിച്ചറിവും ഈ ചിത്രത്തിലൂടെ വരുന്നുണ്ട്.
എന്നാലും ലൂസിഫറിലെ അതേ ചേരുവകളിലൂടെ കടന്നുപോകുന്ന കഥാപാത്രം തന്നെയാണ് എമ്പുരാനിലെ ഗോവര്‍ദ്ധന്‍. ഒരു കഥാപാത്രം എങ്ങനെ വേണം, എങ്ങനെ നടക്കണം എന്നുള്ളതിന്റെ കുറിച്ചെല്ലാം വ്യക്തമായ ധാരണയുള്ള സംവിധായകനാണ് രാജു. ഇതിനുമുമ്പും ഞാന്‍ പല ഇന്റര്‍വ്യൂസിലും പറഞ്ഞിട്ടുള്ള കാര്യമാണ് കമ്മ്യൂണിക്കേറ്റീവ് ആയ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഈസിയാണ് എന്നുള്ളത്.
ഡയറക്ടേഴ്സ് ആക്ടര്‍ ആണ് ഞാന്‍. ഗോവര്‍ദ്ധന്‍ എങ്ങനെ വേണം, എങ്ങനെ സംസാരിക്കണം, എങ്ങനെ നില്‍ക്കണം എന്നിങ്ങനെയുള്ള വ്യക്തമായ ധാരണ പൃഥ്വിക്കുണ്ട്. അത് എന്നോട് സംസാരിച്ച് ക്ലിയര്‍ ആക്കിയാണ് ഞാന്‍ പെര്‍ഫോം ചെയ്തിരിക്കുന്നത്.
കുറേകൂടി വലിയ സ്‌കെയിലിലാണ് എമ്പുരാന്‍ ഒരുക്കിയിരിക്കുന്നത്. ആരാണ് ഇയാള്‍, ഇയാളുടെ പാസ്റ്റ് എന്തായിരുന്നു, ഇനി ഫ്യൂച്ചര്‍ എന്താകും, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഒരു അളവ് വരെ എമ്പുരാന്‍ നിങ്ങളുടെ മുന്നില്‍ എത്തിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ഇന്ദ്രജിത്ത് പറയുന്നു.
Content highlight: Indrajith talks about his character in Empuraan movie