കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഇന്ദ്രജിത്ത് സുകുമാരൻ. വ്യത്യസ്ത വേഷങ്ങളിൽ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ഇന്ദ്രജിത്ത് തന്റെ കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ്.
ഹ്യൂമർ വേഷങ്ങളിൽ താരത്തിന്റെ കഴിവ് പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ അമർ അക്ബർ അന്തോണിക്ക് ശേഷം അത്തരത്തിലൊരു കഥാപാത്രം തന്നെ തേടി വന്നില്ലെന്നും അതിനായി കാത്തിരുന്നുവെന്നും താരം പറയുന്നു.
കിട്ടുന്ന വേഷങ്ങൾ നന്നായി ചെയ്യാനാണ് താൻ ശ്രമിക്കാറുള്ളതെന്നും അതൊന്നും നമ്മുടെ കയ്യിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം മാരിവില്ലിൻ ഗോപുരങ്ങളുടെ ഭാഗമായി മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാറില്ല എന്നതാണ് സത്യം. കിട്ടുന്ന സിനിമകൾ നന്നായി ചെയ്യുക എന്നത് മാത്രമേ നമുക്ക് പറ്റുകയുള്ളൂ. പിന്നെ ചില കാര്യങ്ങൾ നമ്മുടെ ഔട്ട് ഓഫ് കൺട്രോളിലാണ്.
നമുക്ക് വരുന്ന സിനിമകൾ ഏത് വിധത്തിൽ വരുന്നു എങ്ങനെ ചെയ്യാൻ പറ്റുന്നു എന്നതൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല.
നമ്മുടെ കൺട്രോളിൽ ഇല്ലാത്ത ഒരു കാര്യത്തെ ഓർത്ത് വല്ലാതെ പ്രയാസപ്പെടുന്ന ഒരാളല്ല ഞാൻ. മാരിവില്ലിൻ ഗോപുരങ്ങളുടെ കാര്യം എടുക്കുകയാണെങ്കിൽ കുറേ കാലത്തിന് ശേഷം ഞാൻ ചെയ്യുന്ന ഒരു സിമ്പിൾ എന്റർടൈനർ ചിത്രമാണ്. ഞാൻ മുമ്പും ഇത്തരത്തിലുള്ള സിനിമകൾ ചെയ്തിട്ടുണ്ട്. അതൊക്കെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ പിന്നീട് എന്തോ കാരണം കൊണ്ട് അങ്ങനെയുള്ള കഥാപാത്രങ്ങൾ അധികം എന്നെ തേടി എത്താറില്ല. അമർ അക്ബർ അന്തോണിയായിരുന്നു അവസാനം അങ്ങനെ വന്നൊരു ചിത്രം.
അതിന് ശേഷം അങ്ങനെ ഹ്യൂമർ വേഷങ്ങൾ വരുമെന്ന് കരുതിയെങ്കിലും എന്തുകൊണ്ടോ വന്നില്ല. പക്ഷെ എന്തുകൊണ്ട് അത് വന്നില്ല എന്നോർത്ത് ഞാൻ പ്രയാസപ്പെടാറില്ല,’ഇന്ദ്രജിത്ത് പറയുന്നു.
Content Highlight: Indrajith Talk About His Character And Amar Akbar Anthony Movie