Entertainment
യു.എസ്, യു.കെ, അമേരിക്ക.. വലിയ സിനിമയാണത്, വെരി ബിഗ്; മോഹൻലാൽ ചിത്രത്തെ കുറിച്ച് ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 14, 10:24 am
Wednesday, 14th February 2024, 3:54 pm

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്.

ഒന്നാംഭാഗമായ ലൂസിഫറിൽ ഗോവർധൻ എന്ന കഥാപാത്രമായി താരം അഭിനയിച്ചിരുന്നു. രണ്ടാം ഭാഗത്തിലും ഉണ്ടാവുമെന്ന് പറയുകയാണ് ഇന്ദ്രജിത്ത്.


ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ കഴിഞ്ഞെന്നും അടുത്ത ഷെഡ്യൂൾ അമേരിക്കയിൽ വെച്ചിട്ടാണെന്നും ഉടനെ താനും അതിൽ ജോയിൻ ചെയ്യുമെന്നും ഇന്ദ്രജിത്ത് പറഞ്ഞു. തീർച്ചയായും അതൊരു വലിയ സിനിമയായിരിക്കുമെന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.

‘എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നു. ഇന്ത്യയിലെ ഒരു ഷെഡ്യൂൾ കഴിഞ്ഞു. യു.കെയിലെ ഒരു ഷെഡ്യൂൾ കഴിഞ്ഞു. ഇനി അമേരിക്കയിലെ ഷെഡ്യൂൾ ഇപ്പോൾ തുടങ്ങും. അതിനായിട്ട് ഞാൻ അടുത്ത ആഴ്ച്ച അങ്ങോട്ട് പോവുകയാണ്. അമേരിക്കയിലെ ഷൂട്ടിൽ ഞാനുമുണ്ട്.

ഒരുപാട് സ്ഥലത്ത് ഷൂട്ടിങ്ങുണ്ട്. ഒരുപാട് ലൊക്കേഷൻസ് ഉണ്ട്. ഇന്ത്യയിൽ ഇനിയും ഷൂട്ടിങ് ഉണ്ട്. ഇനിയും ഏതൊക്കെയോ വിദേശ രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ട്. അവിടെയൊന്നും എനിക്ക് ഷൂട്ടില്ല.

എനിക്ക് യു.എസിലും ഇന്ത്യയിലുമാണ് ഉള്ളത്. വലിയ പടമായിരിക്കും, വെരി ബിഗ് ഫിലിം,’ഇന്ദ്രജിത്ത് പറയുന്നു.

Content Highlight: Indrajith Talk About Empuran Movie