| Monday, 19th February 2024, 1:38 pm

എല്ലാ വിധത്തിലും മലയാളം കണ്ട ഏറ്റവും വലിയ സിനിമയായിരിക്കും, ഇനി സത്യാന്വേഷണങ്ങൾ അങ്ങ് യു.എസിൽ: ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം വമ്പൻ താരനിര അണിനിരന്നിരുന്നു.

പ്രഖ്യാപനം മുതൽ ഹൈപ്പിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കിവെച്ചുകൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്.

രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ്ങ് വിവിധ രാജ്യങ്ങളിലായി പുരോഗമിക്കുകയാണ്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്. ലൂസിഫറിൽ ഗോവർധൻ എന്ന കഥാപാത്രമായി എത്തിയത് ഇന്ദ്രജിത്ത് ആയിരുന്നു.

എല്ലാവിധത്തിലും മലയാളത്തിലെ ഏറ്റവും വലിയ ചിത്രം ആയിരിക്കും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ചിത്രത്തിന് ഒരുപാട് ലൊക്കേഷനുകൾ ഉണ്ടെന്നും അടുത്ത ഷെഡ്യൂളിൽ തനിക്ക് ജോയിൻ ചെയ്യാൻ ഉണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. പുതിയ ചിത്രം മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ ഭാഗമായി വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എല്ലാവിധത്തിലും മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കും എമ്പുരാൻ. അതിലെ അഭിനേതാക്കളുടെ എണ്ണത്തിൽ ആണെങ്കിലും ബഡ്ജറ്റ് നോക്കുകയാണെങ്കിലും അങ്ങനെ എല്ലാരീതിയിലും. ആൾറെഡി ആ ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ കഴിഞ്ഞു. യു.കെയിൽ ഒരു ഷെഡ്യൂൾ കഴിഞ്ഞു.

അടുത്ത ഷെഡ്യൂൾ യു.എസിൽ തുടങ്ങുന്നുണ്ട്. അവിടെയാണ് ഗോവർധൻ ജോയിൻ ചെയ്യുന്നത്. സത്യാന്വേഷണം നടത്തി നടത്തി പുതിയ സത്യങ്ങൾ തേടി ഗോവർധൻ അവിടെ എത്തിയിരിക്കുകയാണ്,’ഇന്ദ്രജിത്ത് പറയുന്നു.

താൻ തീർച്ചയായും ഒരു സിനിമ സംവിധാനം ചെയ്യുമെന്നും എന്തായാലും ഉടനെയില്ലെന്നും താരം കൂട്ടിച്ചേർത്തു.

‘എന്റെ സംവിധാനത്തിൽ ഒരു ചിത്രം ഉടനെയില്ല. പക്ഷേ തീർച്ചയായും അതിന്റെ സമയമാവുമ്പോൾ ഞാൻ തന്നെ എല്ലാവരെയും വിളിച്ച് കൂട്ടി അത് അറിയിക്കുന്നുണ്ട്. പൃഥ്വി ഞെട്ടിച്ച പോലെ ഞെട്ടിക്കാൻ ശ്രമിക്കാം,’ഇന്ദ്രജിത്ത് പറയുന്നു.

Content Highlight: Indrajith Talk About Empuran Movie

Latest Stories

We use cookies to give you the best possible experience. Learn more