ആ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങൾ ഞാൻ കണ്ടു, നമ്മൾ പ്രതീക്ഷിക്കുന്നതിനപ്പുറമാണ് ചില ദൃശ്യങ്ങൾ: ഇന്ദ്രജിത്ത്
Entertainment
ആ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങൾ ഞാൻ കണ്ടു, നമ്മൾ പ്രതീക്ഷിക്കുന്നതിനപ്പുറമാണ് ചില ദൃശ്യങ്ങൾ: ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th February 2024, 9:38 pm

മലയാള പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം.

ബെന്യാമിൻ എഴുതി പ്രേക്ഷക ഹൃദയം കീഴടക്കിയ ആടുജീവിതം ചലച്ചിത്രമായി അണിയിച്ചൊരുക്കുന്നത് ബ്ലസിയാണ്.

ചിത്രത്തിലെ കുറച്ച് ഭാഗങ്ങൾ താൻ കണ്ടെന്നും എല്ലാവരും പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള ദൃശ്യങ്ങൾ ആടുജീവിതത്തിൽ ഉണ്ടാവുമെന്നും ഇന്ദ്രജിത്ത് പറയുന്നു. എ.ആർ. റഹ്മാനെയും റസൂൽ പൂക്കുട്ടിയെ പോലെയുള്ള ഒരുപാട് ടെക്നിഷ്യൻസ് ഒന്നിച്ച ചിത്രമായതിനാൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും മൂവി വേൾഡ് മീഡിയയോട് ഇന്ദ്രജിത്ത് പറഞ്ഞു.

‘അത് എല്ലാവരും ഉറ്റുനോക്കുന്ന ഒരു സിനിമയാണ്. നമ്മളൊക്കെ വായിച്ചിട്ടുള്ള ഒരു പുസ്തകമാണ് ആടുജീവിതം. ഞാൻ ആ പുസ്തകം വായിച്ചപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ വിഷ്വൽ ഒരുപാട് വേദനകളെല്ലാം നിറഞ്ഞതായിരുന്നു. അത് സിനിമയിലേക്ക് എത്തുമ്പോൾ ബ്ലസി ചേട്ടനെപ്പോലെ ഒരു സംവിധായകൻ അത് ഒരുക്കുന്നതോടൊപ്പം ഇത്രയും ഗംഭീര ടെക്നിഷ്യൻമാർ അതിൽ വരുമ്പോൾ ഒരുപാട് പ്രതീക്ഷയുണ്ട്.

റഹ്മാൻ സാർ, റസൂൽ പൂക്കുട്ടി അങ്ങനെ ലോക പ്രശസ്തരായ ഒരുപാടാളുകൾ അതിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ സിനിമയുടെ ക്വാളിറ്റിയും അതുപോലെ മാറ്റമുണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മളൊക്കെ പ്രതീക്ഷിച്ചതിനുമപ്പുറം വിഷ്വൽ ആ ചിത്രത്തിലുണ്ടാവുമെന്നാണ് തോന്നുന്നത്. കാരണം കുറച്ച് ഭാഗങ്ങൾ ഞാൻ കണ്ടു,’ഇന്ദ്രജിത്ത് പറയുന്നു.

ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം ഞെട്ടിക്കുമെന്നും സിനിമയിലെ യഥാർത്ഥ രൂപം ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക്‌ ഓവറുകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

‘പൃഥ്വിയെ സംബന്ധിച്ചിടത്തോളം ആ സിനിമയ്ക്ക് വേണ്ടി അവനിട്ട ഹാർഡ് വർക്കും ഡെഡിക്കേഷനുമെല്ലാം വളരെ വലുതാണ്. കാരണം ഷൂട്ട്‌ ചെയ്യുന്ന സമയത്തുള്ള പൃഥ്വിയുടെ ഫോട്ടോ അങ്ങനെയാരും കണ്ടിട്ടില്ല. മെലിഞ്ഞ അവസ്ഥയിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വന്നിരിന്നു.

എന്നാൽ അതല്ല അതിലും നന്നായി ക്ഷീണിച്ച ഒരു അവസ്ഥയുണ്ടായിരുന്നു ആ സിനിമയിൽ. അത് ആ ചിത്രം കാണുമ്പോൾ മനസിലാവും. നജീബിനോട്‌ നൂറ് ശതമാനം നീതി പുലർത്താൻ വേണ്ടി അത്രയും ഡെഡിക്കേറ്റഡായാണ് ആ കഥാപാത്രത്തെ അവൻ സമീപിച്ചിട്ടുള്ളത്,’ഇന്ദ്രജിത്ത് പറയുന്നു.

Content Highlight: Indrajith Talk About Adujeevitham Movie