| Wednesday, 8th November 2023, 10:20 am

പൃഥ്വിയുടെ ആ കോൺഫിഡൻസിനാണ് അവർ മാർക്ക് കൊടുത്തത്: ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രൻമാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. നടൻ സുകുമാരന്റെ മക്കൾ എന്നതിൽ നിന്ന് മലയാളത്തിലെ തിരക്കേറിയ നടന്മാരായി ഉയരാൻ ഇരുവർക്കും അധിക സമയം വേണ്ടി വന്നിരുന്നില്ല. ക്ലാസ്സ്‌മേറ്റ്സ്, നമ്മൾ തമ്മിൽ, പൊലീസ് തുടങ്ങിയ ചിത്രങ്ങളിൽ രണ്ടു പേരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

പണ്ട് സ്കൂളിൽ പഠിക്കുമ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഇന്ദ്രജിത്ത്. ഒരിക്കൽ ലൈറ്റ് മ്യൂസിക് മത്സരത്തിൽ പൃഥ്വിയും താനും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ടെന്നാണ് താരം പറയുന്നത്.

രണ്ടാളും ഒരു പാട്ട് തന്നെ പാടിയിട്ട്, വരി തെറ്റിച്ച് പാടിയ പൃഥ്വിരാജിന് ഒന്നാം സമ്മാനം ലഭിച്ച കാര്യവും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാനും പൃഥ്വിയും സ്കൂളിൽ പഠിക്കുന്ന സമയത്ത് ലളിതഗാന മത്സരത്തിൽ പങ്കെടുത്തിരുന്നു. ഞങ്ങൾ രണ്ട് പേരും പാടിയത് ഒരേ പാട്ട് തന്നെയായിരുന്നു. ‘പെഹലാന് ഷാ’ ആയിരുന്നു ആ പാട്ട്. ഞാൻ സീനിയർ വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്, പൃഥ്വി ജൂനിയറിലും.

ഞങ്ങൾ രണ്ടും പേരും പാട്ട് സ്റ്റേജിൽ പാടി. പക്ഷെ പൃഥ്വി പാടിയത് ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്. കാരണം അവൻ പാടിയപ്പോൾ പാട്ടിന്റെ വരി മൊത്തം തെറ്റായിരുന്നു. പാടിയത് മുഴുവൻ വരി തെറ്റിച്ചിട്ടായിരുന്നു. പക്ഷെ മത്സരത്തിന്റെ ജഡ്ജസ് പൃഥ്വിയുടെ കോൺഫിഡൻസ് കണ്ടപ്പോൾ പാട്ടിന്റെ വരിയെ കുറിച്ചൊന്നും ചിന്തിച്ചില്ല. അവർ പൃഥ്വിയുടെ പാട്ടും കേട്ടിരുന്നു. പൃഥ്വിക്ക് മത്സരത്തിൽ ഒന്നാം സമ്മാനവും കിട്ടി.

സീനിയേർസിൽ എനിക്കും ഫസ്റ്റ് പ്രൈസ് കിട്ടി. പക്ഷെ ഞാൻ ഭയങ്കര കൃത്യമായി സൂക്ഷ്മമായാണ് പാടിയത്. എന്നാൽ പൃഥ്വി പാടിയപ്പോൾ അവിടെയും ഇവിടെയുമൊക്കെ തെറ്റുകൾ പറ്റിയിരുന്നു. പക്ഷെ നല്ല ആത്മവിശ്വാസത്തോടെയാണ് അവനത് പാടി തീർത്തത്. അങ്ങനെ ഞങ്ങൾ രണ്ട് പേർക്കും ഒന്നാം സമ്മാനം കിട്ടി,’ഇന്ദ്രജിത്ത് പറയുന്നു.

സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംമ്പുരാന്റെ ഷൂട്ടിങ് തിരക്കിലാണ് പൃഥ്വിരാജിപ്പോൾ. ലൂസിഫറിൽ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന എംമ്പുരാനിൽ അന്യഭാഷ താരങ്ങളടക്കം വമ്പൻ താരനിര അഭിനയിക്കുന്നുണ്ട്.

Content Highlight: Indrajith Talk About A  School Incident With Prithviraj 

Latest Stories

We use cookies to give you the best possible experience. Learn more