മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എമ്പുരാന്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലൂസിഫറില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയ ഇന്ദ്രജിത്ത് സുകുമാരന്‍ തന്നെയാണ് എമ്പുരാനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടത്.
എമ്പുരാന് ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും തനിക്ക് ഇന്നലെ ഡേറ്റുകളെ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുവെന്നും ഇന്ദ്രജിത്ത് പറയുന്നു.
നടി നൈല ഉഷയും തനിക്കും അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ലഭിച്ചു എന്ന കാര്യം എടുത്ത് പറയുന്നുണ്ട്. കുഞ്ഞമിണി ഹോസ്പിറ്റല്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്തും നൈലയും ഇക്കാര്യം പറഞ്ഞത്.
‘എമ്പുരാന് ഈ വര്‍ഷം തുടങ്ങും, എനിക്ക് ഇന്നലെ ഒരു അറിയിപ്പ് ലഭിച്ചു, മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമ ആയിരിക്കും എമ്പുരാന് എന്നാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ എല്ലാം ആ സിനിമയില്‍ ഉറ്റുനോക്കുന്നുണ്ട്. ലൂസിഫറിനേക്കാള്‍ മുകളില്‍ നില്‍ക്കുമെന്നാണ് കരുതുന്നത്,’ ഇന്ദ്രജിത്ത് പറയുന്നു.
അതേസമയം ഓഗസ്റ്റ് 11നാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ റിലീസ് ചെയ്തത്. ഇന്ദ്രജിത്തിനെയും നൈലയെയും കൂടാതെ പ്രകാശ് രാജ്, ബാബുരാജ്, സരയൂ മോഹന്‍, ഹരിശ്രീ അശോകന്, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
‘പ്രിയന് ഓട്ടത്തിലാണ്’ എന്ന ചിത്രത്തിനു ശേഷം വ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിര്‍മിച്ചത്. ഫാന്റസി കോമഡി ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന് അഭയകുമാര്‍ കെ., അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണമെഴുതിയത്.