| Wednesday, 14th February 2024, 8:00 am

അവനോടൊപ്പമുള്ള ആ സീനുകളില്‍ ഓര്‍മ വന്നത് പൃഥ്വിയുമായുള്ള നിമിഷങ്ങള്‍: ഇന്ദ്രജിത്ത് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.

ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ സഹോദരന്റെ വേഷമാണ് സര്‍ജാനോ ഖാലിദ് അവതരിപ്പിച്ചിരുന്നത്. സ്വന്തം ഫാമിലിയുമായി ഈ സിനിമയിലെ ഫാമിലിയെ എങ്ങനെ റിലേറ്റ് ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇന്ദ്രജിത്ത്.

മാരിവില്ലിന്‍ ഗോപുരങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സ്വന്തം ഫാമിലിയുമായി ഈ സിനിമയിലെ ഫാമിലിയെ അങ്ങനെ റിലേറ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നാണ് താരം മറുപടി പറഞ്ഞത്.

തന്റെ ഫാമിലിയെ പോലെയല്ല സിനിമയിലെ ഈ ഫാമിലിയെന്നും ഇത് ഒരുപാട് വ്യത്യസ്തമാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു. പക്ഷേ സിനിമയില്‍ സര്‍ജാനോ ഖാലിദുമായുള്ള പല സീനുകളും കാരണം താനും പൃഥ്വിരാജുമായുള്ള പല സിറ്റുവേഷനുകളും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെ റിലേറ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്റെ ഫാമിലിയെ പോലെയല്ല ഈ ഫാമിലി. ഇത് ഒരുപാട് വ്യത്യസ്തമാണ്. പക്ഷേ ഇതിനകത്ത് ഒരു ബ്രദര്‍ ഡൈനാമിക്‌സുണ്ട്. ഞാനും സര്‍ജനോയുമായുള്ള പല സീനുകളും കാരണം ഞാനും പൃഥ്വിയുമായുള്ള പല സിറ്റുവേഷനുകളും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നു.

ചേട്ടനും അനിയനും എന്ന് പറയുമ്പോള്‍ അങ്ങനെയുള്ള കുറേ ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള കാര്യങ്ങള്‍ ഉണ്ടല്ലോ. ആ രീതിയില്‍ നോക്കുമ്പോള്‍ ബ്രദര്‍ ഡൈനാമിക്‌സ് തീര്‍ച്ചയായും സിനിമയില്‍ ഉണ്ടായിട്ടുണ്ട്,’ ഇന്ദ്രജിത്ത് പറഞ്ഞു.

മാരിവില്ലിന്‍ ഗോപുരങ്ങള്‍ ചിത്രത്തില്‍ സായികുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ബോസും പ്രമോദ് മോഹനും ചേര്‍ന്നാണ്.


Content Highlight: Indrajith Sukumaran Talks About Sarjano Khalidh

Latest Stories

We use cookies to give you the best possible experience. Learn more