| Wednesday, 21st February 2024, 6:34 pm

ലിജോ ഒരുപാട് ലിമിറ്റേഷനില്‍ നിന്ന് ചെയ്ത സിനിമ; തുടക്കകാരന്റെ എല്ലാ പ്രശ്‌നങ്ങളും അന്ന് നേരിട്ടു: ഇന്ദ്രജിത്ത് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു നായകന്‍. പി.എസ്. റഫീക്ക് രചന നിര്‍വഹിച്ച് 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനായിരുന്നു നായകനായെത്തിയത്.

ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ് എന്നിവരും നായകനില്‍ ഒന്നിച്ചു. തന്റെ കുടുംബത്തെ കൊന്നവരോട് പ്രതികാരം ചെയ്യുന്ന വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനെത്തിയത്.

ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഇന്ദ്രജിത്ത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ എല്ലാ സിനിമകളും വളരെ സ്‌പെഷ്യലാണെന്നും അതൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും താരം പറയുന്നു.

‘ലിജോയുടെ എല്ലാ സിനിമകളും വളരെ സ്‌പെഷ്യലാണ്. അതൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണ്. ലിജോ സിമിലറായിട്ടുള്ള സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തുടക്കകാലത്തില്‍ ഒരുപാട് ലിമിറ്റേഷനില്‍ നിന്ന് വര്‍ക്ക് ചെയ്ത സിനിമയാണ് നായകന്‍.

ആ സമയത്ത് നമ്മളുടെ മനസില്‍ ഒരു ബജറ്റുണ്ടായിരുന്നു. പക്ഷേ ആ ബജറ്റില്‍ സിനിമ ചെയ്യാന്‍ പറ്റിയില്ല. പിന്നെ ഒരുപാട് ഷെഡ്യൂള്‍സും ലൊക്കേഷന്‍സും ഉണ്ടായിരുന്നു. ഒരു തുടക്കകാരന്റെ എല്ലാ പ്രശ്‌നങ്ങളും നേരിട്ടാണ് ലിജോ പെല്ലിശേരിയെന്ന സംവിധായകന്‍ വന്നത്.

അന്ന് ആ ലിമിറ്റേഷനില്‍ നിന്ന് കൊണ്ട് അതുവരെ കാണാത്ത ഒരു വിഷ്വല്‍ ലാംഗ്വേജുള്ള സിനിമ ചെയ്യാന്‍ ലിജോയ്ക്ക് സാധിച്ചു. എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ഒറ്റവരിയിലാണ് ആ സിനിമയെ പറ്റി പറഞ്ഞത്. ഒരു കഥകളിക്കാരന്റെ പ്രതികാരമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്,’ ഇന്ദ്രജിത്ത് സുകുമാരന്‍ പറഞ്ഞു.


Content Highlight: Indrajith Sukumaran Talks About Lijo Jose Pellissery And Nayakan Movie

We use cookies to give you the best possible experience. Learn more