അമര്‍ അക്ബര്‍ അന്തോണിയായിരുന്നു ഏറ്റവും അവസാനമായി താന്‍ ചെയ്ത ഒരു കോമഡി കഥാപാത്രമെന്നും ആ സിനിമക്ക് ശേഷം അങ്ങനെയുള്ള കഥാപാത്രങ്ങള്‍ തേടി വരുമെന്ന് കരുതിയിരുന്നെന്നും ഇന്ദ്രജിത്ത് സുകുമാരന്‍.
തന്നെ സിനിമയില്‍ പൂര്‍ണമായും ഉപയോഗിക്കുന്നില്ലെന്ന് ചിന്തിക്കാറില്ലെന്നും ലഭിക്കുന്ന വേഷങ്ങളില്‍ നന്നായി അഭിനയിക്കുന്നതാണ് കാര്യമെന്നും താരം പറഞ്ഞു.
ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ലെന്ന് പറയുന്ന ഇന്ദ്രജിത്ത് അത്തരം കാര്യങ്ങളെ കുറിച്ചോര്‍ത്ത് വിഷമിക്കുന്ന ആളല്ല താനെന്നും പറയുന്നു.
മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് ഇത് പറഞ്ഞത്. തന്നെ സിനിമയില്‍ പൂര്‍ണമായും ഉപയോഗിക്കുന്നില്ലെന്ന രീതിയിലുള്ള കമന്റുകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ഞാന്‍ അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാറില്ല എന്നതാണ് സത്യം. നമുക്ക് കിട്ടുന്ന വേഷങ്ങള്‍ പെര്‍ഫോം ചെയ്ത് നന്നാക്കിയെടുക്കുക എന്നതാണ് കാര്യം. പിന്നെ ചില കാര്യങ്ങള്‍ നമ്മുടെ കണ്ട്രോളിലല്ല. സിനിമകള്‍ ഏത് സമയത്ത് വരുന്നു, എപ്പോള്‍ ചെയ്യുന്നു എന്നതൊക്കെ നമ്മളുടെ കണ്ട്രോളില്‍ വരുന്ന കാര്യമല്ല.
നമ്മളുടെ കണ്ട്രോളിലില്ലാത്ത കാര്യങ്ങളെ കുറിച്ച് ഓര്‍ത്ത് ഒരുപാട് വിഷമിക്കുന്ന ആളല്ല ഞാന്‍. മാരിവില്ലിന്‍ ഗോപുരങ്ങള്‍ സിനിമയുടെ കാര്യം നോക്കുകയാണെങ്കില്‍ ഒരുപാട് നാളിന് ശേഷമാണ് ഇങ്ങനെ ഒരു ലൈറ്റ് ഹാര്‍ട്ടഡ് എന്റര്‍ടൈന്‍മെന്റ് ഞാന്‍ ചെയ്യുന്നത്. ഇത്തരം കഥാപാത്രം മുമ്പും ഞാന്‍ ചെയ്തിട്ടുണ്ട്. അതൊക്കെ വലിയ രീതിയില്‍ ശ്രദ്ധിക്കപെട്ടിട്ടുണ്ട്.
പക്ഷേ എന്തോ കാരണം കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ എന്നെ തേടി വരാറില്ല. അമര്‍ അക്ബര്‍ അന്തോണിയായിരുന്നു ഏറ്റവും അവസാനമായി ഞാന്‍ ചെയ്ത ഒരു കോമഡി കഥാപാത്രം. ആ സിനിമക്ക് ശേഷം അങ്ങനെയുള്ള കഥാപാത്രങ്ങള്‍ എന്നെ തേടി വരുമെന്ന് കരുതി. എന്നാല്‍ എന്തുകൊണ്ടോ അത് വന്നില്ല. പക്ഷേ എന്തുകൊണ്ട് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുന്നില്ലെന്ന് ഓര്‍ത്ത് ഞാന്‍ ടെന്‍ഷനടിക്കാറില്ല,’ ഇന്ദ്രജിത്ത് സുകുമാരന്‍ പറഞ്ഞു.
Content Highlight: Indrajith Sukumaran Talks About His Character In Amar Akbar Anthony