|

അതൊരു അത്ഭുതം; അവര്‍ എമ്പുരാന് വേണ്ടി മാത്രം ജര്‍മനിയില്‍ നിന്ന് വന്നു: ഇന്ദ്രജിത്ത് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ – പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. 2019ല്‍ പുറത്തിറങ്ങിയ ഈ സിനിമ പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു.

ഇപ്പോള്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ എത്തുന്നത്.

ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ എമ്പുരാനെ കുറിച്ച് പറയുകയാണ് ഇന്ദ്രജിത്ത്. തങ്ങളൊക്കെ വിചാരിച്ചതിനും ഒരുപാട് അപ്പുറത്തേക്ക് ഈ സിനിമ വളര്‍ന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

‘ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്ന ആദ്യ മലയാള സിനിമയാകും എമ്പുരാന്‍ എന്നാണ് എന്റെ വിശ്വാസം. കാരണം ഇന്ന് ഞാന്‍ ദല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ ഒരു സംഭവമുണ്ടായി.

എയര്‍പോര്‍ട്ടില്‍ വെച്ച് രണ്ടുമൂന്ന് ആളുകളെ കണ്ടു. അവര്‍ സ്റ്റുഡന്‍സാണെന്ന് തോന്നുന്നു. ചോദിച്ചപ്പോള്‍ അവര്‍ ജര്‍മനിയില്‍ നിന്ന് വരികയാണെന്ന് പറഞ്ഞു.

ജര്‍മനിയില്‍ നിന്ന് ദല്‍ഹിയില്‍ എത്തി, ദല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയാണ്. അവരോട് ഞാന്‍ ഒരുപാട് സംസാരിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് വീക്കന്‍ഡിന് വന്നതാണ് എന്നായിരുന്നു.

ഈ പടം കാണാന്‍ വേണ്ടി മാത്രമായി വന്നതാണെന്ന് പറഞ്ഞു. ഞാന്‍ അവരോട് ജര്‍മനിയില്‍ സിനിമ റിലീസാകുന്നുണ്ടല്ലോയെന്ന് ചോദിച്ചു. ഇവിടെ വന്നിട്ട് ഈ ഉത്സവത്തിന്റെ ഭാഗമായി സിനിമ കാണാന്‍ വേണ്ടിയാണ് വന്നത് എന്നായിരുന്നു അവരുടെ മറുപടി.

അതിന് വേണ്ടി മാത്രം വന്നതാണെന്നും അവര്‍ പറഞ്ഞു. അത് ശരിക്കും വലിയ അത്ഭുതമാണ്. ഞങ്ങളൊക്കെ വിചാരിച്ചതിനും ഒരുപാട് അപ്പുറത്തേക്ക് ഈ സിനിമ വളര്‍ന്നു കഴിഞ്ഞു,’ ഇന്ദ്രജിത്ത് സുകുമാരന്‍ പറഞ്ഞു.

Content Highlight: Indrajith Sukumaran Talks About Empuraan

Video Stories