മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പി.എസ്. റഫീക്ക് തിരകഥയെഴുതി ലിജോ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആമേന്‍.
2013ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ മണി, സ്വാതി റെഡ്ഡി എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്.
ഇന്ദ്രജിത്ത് ആമേനില്‍ ഫാദര്‍ വിന്‍സെന്റ് വട്ടോളിയെന്ന കഥാപാത്രമായാണ് എത്തിയത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ആമേനിലെ ക്ലൈമാക്‌സിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്.
‘ആമേന്‍ സിനിമയില്‍ ശരിക്കും വട്ടോളിയച്ചനാണ് പുണ്യാളനെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നോട് ആ കാര്യം ലിജോ പെല്ലിശ്ശേരി പറഞ്ഞിരുന്നില്ല. ഞാന്‍ അഭിനയിച്ച് പള്ളിയിലെ സീക്വന്‍സൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞു.
അവസാനം ആ സീക്വന്‍സ് ഷൂട്ട് ചെയ്യാനായി ഞാന്‍ മേക്കപ്പ് ഇടുമ്പോഴാണ് ലിജോ വരുന്നത്. ‘ഇന്ദ്രാ, വട്ടോളിയാണ് ഇതിലെ പുണ്യാളന്‍’ എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഞെട്ടി. ‘വട്ടോളിയാണ് പുണ്യാളന്‍. ഇനിയെടുക്കാന്‍ പോകുന്നത് ആ ഷോട്ടാണ്’ എന്നും ലിജോ പറഞ്ഞു.
അതില്‍ അവസാനം ഒരു ഷോട്ടുണ്ട്. അതായത് ഹീറോയിന്‍ ബോട്ടില്‍ കയറുമ്പോള്‍ മറ്റൊരാള്‍ ബോട്ടില്‍ നിന്ന് ഇറങ്ങി വരുന്നത്. ആ ഷോട്ട് എടുക്കുന്നതിന് തൊട്ട് മുമ്പാണ് ലിജോ ഈ കാര്യം പറഞ്ഞത്,’ ഇന്ദ്രജിത്ത് സുകുമാരന്‍ പറഞ്ഞു.
താരത്തിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയിനറാണിത്.
ഇന്ദ്രജിത്തിന് പുറമെ ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ബോസും പ്രമോദ് മോഹനും ചേര്‍ന്നാണ്.
Content Highlight: Indrajith Sukumaran Talks About Amen Movie And Lijo Jose Pellissery