നടനും ഗായകനുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ എന്നിവര്‍ ഒന്നിച്ചെത്തിയ സിനിമ വന്‍ ഹിറ്റായിരുന്നു.
സിനിമയില്‍ ഏറെ ചിരിപ്പിച്ച ഒരു സീനായിരുന്നു ഇന്ദ്രജിത്തിന്റെ ‘കടുവായേ കിടുവ പിടിക്കുന്നേ’ എന്ന പാട്ട് പാടുന്ന സീന്‍. എന്നാല്‍ അതില്‍ ആദ്യം മറ്റൊരു പാട്ടായിരുന്നു തീരുമാനിച്ചതെന്ന് പറയുകയാണ് ഇന്ദ്രജിത്ത്. ആദ്യം തീരുമാനിച്ച പാട്ട് മറ്റൊരു സിനിമയില്‍ ഉപയോഗിച്ചത് കൊണ്ടാണ് പാട്ട് മാറ്റാന്‍ തീരുമാനിച്ചതെന്നും നടന്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്ത്.
സിനിമയില്‍ പാട്ടുപാടുന്ന സീനില്‍ ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ചത് നടി മെറീന മൈക്കിള്‍ ആയിരുന്നു. ആ സീന്‍ പുതിയ ഒരു എക്‌സ്പീരിയന്‍സായിരുന്നു എന്നാണ് മെറീന പറയുന്നത്. അന്ന് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ സത്യത്തില്‍ അത് സിനിമയില്‍ എവിടെയാണ് വരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയും ഇന്ദ്രജിത്ത് ചേട്ടനെ പാട്ട് പാടിപ്പിക്കുന്ന സീനുമൊക്കെ പുതിയ ഒരു എക്‌സ്പീരിയന്‍സായിരുന്നു. കുറേ വലിയ ആര്‍ട്ടിസ്റ്റുകളുള്ള ഒരു പടമായിരുന്നു അത്. ഞാന്‍ മോഡലിങ്ങ് ചെയ്യുന്ന സമയത്തായിരുന്നു അമര്‍ അക്ബര്‍ അന്തോണിയിലേക്ക് വരുന്നത്.
അതുവരെ വലിയ പടങ്ങളൊന്നും ചെയ്തിരുന്നില്ല. ആ സിനിമയും സീനും കാണുമ്പോള്‍ എനിക്ക് വളരെ എക്‌സൈറ്റ്‌മെന്റായിരുന്നു. ഇന്ദ്രജിത്ത് ചേട്ടനുമായുള്ള കോമ്പിനേഷന്‍ സീനായിരുന്നു. അതും നല്ല കോമഡി സീനാണ്. വളരെ നല്ല എക്‌സ്പീരിയന്‍സായിരുന്നു ആ സിനിമ തന്നത്.
ആ പാട്ട് പാടിപ്പിക്കുന്ന സീന്‍ വളരെ സ്മൂത്തായി ചെയ്യാന്‍ പറ്റിയ സീന്‍ കൂടിയായിരുന്നു. എന്നാല്‍ അന്ന് ആ സീന്‍ എടുക്കുമ്പോള്‍ സത്യത്തില്‍ അത് സിനിമയില്‍ എവിടെയാണ് വരുന്നതെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ ഒന്നും അറിയാതെ ചെയ്ത സീനായിരുന്നു അത്,’ മെറീന മൈക്കിള്‍ പറഞ്ഞു.
Content Highlight: Indrajith Sukumaran Talks About Amar Akbar Anthony And Kaduvaye Kiduva Pidikkunne Song