| Friday, 13th May 2022, 12:36 pm

വീട്ടില്‍ ഒരു പൊലീസ് യൂണിഫോം തുന്നിവെക്കാന്‍ സമയമായിട്ടുണ്ട്; തുടര്‍ച്ചയായ പൊലീസ് വേഷങ്ങളെ കുറിച്ച് ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായ പത്താം വളവ് ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍.

വലിയൊരു ഇടവേളയ്ക്ക് ശേഷം സുരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. കരിയറിലെ തുടര്‍ച്ചയായ പൊലീസ് വേഷങ്ങളെ കുറിച്ചും ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ് എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ ഇന്ദ്രജിത്ത്.

തുടര്‍ച്ചയായി  പൊലീസ് വേഷങ്ങള്‍ തന്നെ വരുന്ന പശ്ചാത്തലത്തില്‍ വീട്ടില്‍ ഒരു പൊലീസ് യൂണിഫോം തുന്നിവെക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ് ഇന്ദ്രജിത്ത് അഭിമുഖത്തില്‍ തമാശ രൂപേണ പറയുന്നത്.

ഞാന്‍ ചെയ്യുന്ന മിക്ക കഥാപാത്രങ്ങളും പൊലീസ് വേഷങ്ങളാണെങ്കിലും ഓരോന്നും ഓരോ കഥാപാത്രങ്ങള്‍ ആണല്ലോ. അവരുടെ കഥകള്‍ വ്യത്യസ്തമാണ്. അവരുടെ ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അവരുടെ ഫാമിലി വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അതിന്റേതായ വ്യത്യാസം ഈ പറഞ്ഞ വേഷങ്ങളിലെല്ലാം ഉണ്ട്.

ഇതിന് മുന്‍പ് ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി തന്നെ ചെയ്ത ഒരു കഥാപാത്രമാണ് പത്താം വളവിലെ സേതു എന്ന കഥാപാത്രം. വളരെ സോഫ്റ്റ് ആയിട്ടുള്ള പൊലീസ് ഓഫീസറാണ്. നൈറ്റ് ഡ്രൈവിലൊക്കെ കണ്ടപോലെ ഫയര്‍ബ്രാന്റ് പൊലീസ് ഓഫീസറല്ല. കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസിലാവുന്ന, എല്ലാത്തിലും നന്മ കാണാന്‍ ആഗ്രഹിക്കുന്ന അങ്ങനെത്തെ ഒരാളാണ്.

കുറുപ്പില്‍ ചെയ്ത കൃഷ്ണദാസില്‍ നിന്നും നൈറ്റ് ഡ്രൈവില്‍ ചെയ്ത ബെന്നിയില് നിന്നും വ്യത്യസ്തനാണ് സേതു. അത് ഒരു ആക്ടറെ സംബന്ധിച്ച് ചലഞ്ചിങ്ങാണ്. അടുപ്പിച്ചടുപ്പിച്ച് പൊലീസ് വേഷം ചെയ്യുമ്പോള്‍ അത് എങ്ങനെ വ്യത്യസ്തമാക്കുന്നു എന്നത് ചാലഞ്ചിങ് ആണ്.

പത്താംവളവില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം ഇതിന്റെ തിരക്കഥ തന്നെയാണ്. ഒരു ആക്ടര്‍ ഡ്രിവണ്‍ സിനിമയാണ്. ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ഡ്രാമയാണ്. എല്ലാ ക്യാരക്ടേഴ്‌സിനും ഐഡന്റിന്റിയുണ്ട്. തിരക്കഥ തന്നെയാണ് ആകര്‍ഷിച്ചത്. 20 വര്‍ഷത്തിന് ശേഷം പപ്പേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നതാണ് മറ്റൊരു കാര്യം.

അഭിമുഖത്തില്‍ സുരാജ് വെഞ്ഞാറമൂടും ഭാഗമായിരുന്നു. നിങ്ങളില്‍ ആരാണ് ആദ്യം ഓണററി ഐ.പി.എസ് മേടിക്കാന്‍ പോകുന്നത് എന്ന ചോദ്യത്തിന് തീര്‍ച്ചയായും അത് ഇന്ദ്രജിത്ത് തന്നെ ആയിരിക്കുമെന്നായിരുന്നു സുരാജിന്റെ മറുപടി. പിന്നാലെ തന്നെ താനും ഉണ്ടെന്നും സുരാജ് പറഞ്ഞു.

Content Highlight: Indrajith Sukumaran about Police roles he got in movie

We use cookies to give you the best possible experience. Learn more