Advertisement
Entertainment news
കടുവായേ കിടുവ പിടിക്കുന്നേ അമ്പമ്പോ; വീണ്ടും വേദിയെ ഇളക്കിമറിച്ച് ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 24, 04:49 am
Wednesday, 24th November 2021, 10:19 am

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച ഒരു ഗായകന്‍ കൂടിയായ താരത്തിന്റെ ‘കടുവായെ കിടുവ പിടിക്കുന്നേ’ അടക്കമുള്ള പല ‘പാട്ടുകളും’ സിനിമാ പ്രേമികള്‍ ആഘോഷമാക്കാറുമുണ്ട്.

ഇപ്പോഴിതാ, താരം കടുവായെ കിടുവ പിടിക്കുന്നേ എന്ന പാട്ടുമായി വീണ്ടുമെത്തിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ പുതിയ ചിത്രമായ ‘ആഹാ’യുടെ സക്‌സസ് സെലിബ്രേഷന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ വെച്ചായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

മഹാരാജാസിലെ വിദ്യാര്‍ത്ഥികളുടെ താത്പര്യപ്രകാരമാണ് ഇന്ദ്രജിത്ത് വീണ്ടും ആ പാട്ടുമായി വേദി കീഴടക്കിയത്. താരത്തിനൊപ്പം ക്യാംപസ് മുഴുവന്‍ പാട്ട് ഏറ്റുപാടുകയും ചെയ്തു. ഈ പാട്ടിവിടെ പാടാന്‍ കാരണം പാട്ടിന്റെ വരികളില്‍ ‘ആഹാ’ എന്ന വാക്കുള്ളത് കൊണ്ടാണെന്നായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ തമാശരൂപേണ പറഞ്ഞത്.

ഇന്ദ്രജിത്തിനൊപ്പം സിനിമയുടെ സംവിധായകനായ ബിബിന്‍ പോള്‍ സാമുവല്‍, സയനോര തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സ്‌പോര്‍ട്‌സ് മെലോഡ്രാമ ചിത്രമാണ് ആഹാ. കേരളത്തിന്റെ സ്വന്തം കായിക വിനോദമായ വടം വലിയുടെ ആവേശവും വടംവലിക്കാരുടെ ജീവിതവുമാണ് സിനിമയിലൂടെ വരച്ചുകാട്ടുന്നത്. കേരളത്തിലെ മുഴുവന്‍ വടംവലിക്കാര്‍ക്കുമുള്ള ട്രിബ്യൂട്ടായാണ് ചിത്രം ഒരുക്കുന്നതെന്നായിരുന്നു സംവിധായകന്‍ ബിബിന്‍ പോള്‍ പറഞ്ഞിരുന്നത്.

മികച്ച പ്രതികരണവുമായാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

സിനിമയില്‍ ഇന്ദ്രജിത്താണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാന്തി ബാലകൃഷ്ണനാണ് ചിത്രത്തിലെ നായിക. സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. മനോജ് കെ ജയന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ സയനോര ഫിലിപ്പാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Indrajith sings ‘Kaduvaye Kiduva Pidikkunne’ song in Maharajas