മാരിവില്ലിന്‍ ഗോപുരങ്ങള്‍ സിനിമക്ക് യൂട്യൂബര്‍ അശ്വന്ത് കോക്ക് നെഗറ്റീവ് റിവ്യൂ നല്‍കിയതിനെതിരെ പ്രതികരിച്ച് നടന്‍ ഇന്ദ്രജിത്. മലയാളികള്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിവുള്ളവരാണെന്നും ഒരാളുടെ റിവ്യൂ മാത്രം നോക്കാതെ പത്ത് റിവ്യൂ എങ്കിലും മിനിമം കേട്ട് അതില്‍ നിന്ന് സ്വന്തമായി തീരുമാനമെടുക്കാന്‍ ശ്രമിക്കണമെന്നും ഇന്ദ്രജിത് പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട് തിയേറ്റര്‍ വിസിറ്റ് നടത്തുന്നതിനിടെ അപ്ഡൗണ്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. അശ്വന്ത് കോക്കും ഒന്നുരണ്ട് ഓണ്‍ലൈന്‍ മീഡിയയും സിനിമക്ക് നെഗറ്റീവ് റിവ്യൂ നടത്തിയത് സിനിമയെ ബാധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
‘ഓരോരുത്തരുടെയും റിവ്യൂ വെവ്വേറെ ആയിരിക്കുമല്ലോ. ഓരോ ആള്‍ക്കാരും അവരവരുടെ സെന്‍സിബിലിറ്റിക്കനുസരിച്ചാണല്ലോ റിവ്യൂ ചെയ്യുന്നത്. ഈ റിവ്യൂസ് കാണുന്ന പ്രേക്ഷകരോടാണ് എനിക്ക് പറയാനുള്ളത്. എല്ലാവരുടെയും ടേസ്റ്റ് വ്യത്യസ്തമാണ്. അത് മാത്രമല്ല, നമ്മള്‍ മലയാളികള്‍ക്ക് എല്ലാ കാര്യത്തിലും വ്യക്തിപരമായ അഭിപ്രായമുള്ളവരാണ്.
ഒരു സ്ഥലത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നുണ്ടെങ്കില്‍ പോലും മിനിമം പത്തുപേരോട് ആ ഹോട്ടലിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിട്ടേ പോകാറുള്ളൂ. അതുപോലെ നിങ്ങള്‍ മിനിമം ഒരു പത്ത് റിവ്യൂ എങ്കിലും കാണുക .അതില്‍ രണ്ടെണ്ണം നെഗറ്റീവാണെങ്കില്‍ ബാക്കി എട്ടെണ്ണം പോസിറ്റീവായിരിക്കും. അതില്‍ നിന്ന് നിങ്ങള്‍ നല്ലൊരു തീരുമാനമെടുക്കുക,’ ഇന്ദ്രജിത് പറഞ്ഞു.
അതേസമയം സിനിമക്കെതിരെ നെഗറ്റീവ് റിവ്യൂ ചെയ്ത അശ്വന്ത് കോക്കിനെതിരെ സിനിമയുടെ നിര്‍മാതാവ് സിയാദ് കോക്കര്‍ രംഗത്തെത്തിയിരുന്നു. വേണ്ടി വന്നാല്‍ അശ്വന്തിനെ കൈകാര്യം ചെയ്യാന്‍ മടിക്കില്ലെന്നായിരുന്നു സിയാദിന്റെ പ്രതികരണം. ഇതിന് പിന്നാലെ അശ്വന്ത് തന്റെ റിവ്യൂ പിന്‍വലിക്കുകയും ചെയ്തിരുന്നു.
Content Highlight: Indrajith shares his opinion about review bombing issue