| Sunday, 1st December 2024, 5:46 pm

ലാലേട്ടന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് നന്നായി നിരീക്ഷിച്ചു, അതെന്നെ ഒരുപാട് സഹായിച്ചു: ഇന്ദ്രജിത് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ഇന്ദ്രജിത്. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, മീശമാധവന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് നായകനായും വില്ലനായും സഹനടനായും മലയാളത്തില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ഇന്ദ്രജിത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ഇന്ദ്രജിത്തിന് സാധിച്ചു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ക്വീന്‍ എന്ന വെബ് സീരീസിലും ഇന്ദ്രജിത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴ് ജനതയുടെ നായകനായ എം.ജി.ആര്‍ ആയിട്ടാണ് ഇന്ദ്രജിത് ക്വീനില്‍ പ്രത്യക്ഷപ്പെട്ടത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി ചെയ്ത തയാറെടുപ്പുകളെപ്പറ്റി സംസാരിക്കുകയാണ് ഇന്ദ്രജിത്.

ആ സീരീസില്‍ അഭിനയിക്കുന്നതിന് മുമ്പ് എം.ജി.ആറിനെക്കുറിച്ചുള്ള പഴയ വിഷ്വലുകള്‍ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തിട്ടാണ് പോയതെന്ന് ഇന്ദ്രജിത് പറഞ്ഞു. എം.ജി.ആറിനെ അതുപോലെ റീപ്രൊഡ്യൂസ് ചെയ്യേണ്ടെന്നും തന്റേതായ രീതിയില്‍ പ്രസന്റ് ചെയ്താല്‍ മതിയെന്നും ഗൗതം മേനോന്‍ തന്നോട് പറഞ്ഞെന്നും ഇന്ദ്രജിത് കൂട്ടിച്ചേര്‍ത്തു.

താന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ മോഹന്‍ലാല്‍ ഇരുവറില്‍ എം.ജി.ആറിന്റെ വേഷം ചെയ്തിട്ടുണ്ടെന്നും ആ സിനിമ താന്‍ വളരെക്കാലം മുന്നേ കണ്ടിട്ടുണ്ടെന്നും ഇന്ദ്രജിത് പറഞ്ഞു. ആ സിനിമയില്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ രീതിയിലാണ് പ്രസന്റ് ചെയ്തതെന്നും അതേ കാര്യമാണ് താന്‍ ഫോളോ ചെയ്തതെന്നും ഇന്ദ്രജിത് കൂട്ടിച്ചേര്‍ത്തു. ആ സീരീസ് നല്ല രീതിയില്‍ വര്‍ക്കായെന്നും ഒരുപാട് പ്രശംസകള്‍ കിട്ടിയെന്നും ഇന്ദ്രജിത് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്.

‘എം.ജി.ആര്‍ സാറിന്റെ പഴയ വിഷ്വലുകള്‍, അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇതെല്ലാം അനലൈസ് ചെയ്താണ് ആ സീരീസിലേക്ക് പോയത്. അതിന് മുമ്പ് ഗൗതം എന്നോട് സംസാരിച്ചിരുന്നു. ‘എം.ജി.ആറിനെ അതുപോലെ റീപ്രൊഡ്യൂസ് ചെയ്യണ്ട, ഇന്ദ്രജിത്തിന്റെ രീതിയില്‍ പ്രസന്റ് ചെയ്താല്‍ മതി’ എന്നാണ് ഗൗതം പറഞ്ഞത്. അതുപോലെ എം.ജി.ആറനെ മിമിക് ചെയ്യേണ്ട എന്നും ഗൗതം പറഞ്ഞു.

ഇരുവര്‍ ഞാന്‍ വളരെക്കാലം മുന്നേ കണ്ടതാണ്. ഈ സീരീസിലേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ ഒന്നുകൂടി ആ സിനിമ കണ്ടു. അതില്‍ ലാലേട്ടനും എം.ജി.ആറിനെ അതുപോലെ അനുകരിക്കുകയല്ല ചെയ്തത്. ആ ക്യാരക്ടറിന് അദ്ദേഹത്തിന്റേതായ രീതിയിലാണ് പ്രസന്റ് ചെയ്തത്. അതേ കാര്യമാണ് ക്വീനില്‍ ഞാന്‍ ഫോളോ ചെയ്തത്. നല്ല രീതിയില്‍ അത് വര്‍ക്കായി. ഒരുപാട് പ്രശംസയും അതിലൂടെ ലഭിച്ചു,’ ഇന്ദ്രജിത് പറഞ്ഞു.

Content Highlight: Indrajith shares his experience of doing MGR’s role in Queen web series

We use cookies to give you the best possible experience. Learn more