Advertisement
Entertainment
പൃഥ്വി പാടിയത് മുഴുവനും തെറ്റായിരുന്നു, പക്ഷേ അവന്റെ കോണ്‍ഫിഡന്‍സ് കണ്ട് ജഡ്ജസ് ഫസ്റ്റ് കൊടുത്തു; രസകരമായ അനുഭവവുമായി ഇന്ദ്രജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 25, 08:52 am
Thursday, 25th November 2021, 2:22 pm

 

മലയാളികള്‍ എക്കാലവും നെഞ്ചേറ്റിയ താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ക്ലാസ്‌മേറ്റ്‌സ്, ഡബിള്‍ ബാരല്‍, അമര്‍ അക്ബര്‍ അന്തോണി, ടിയാന്‍ തുടങ്ങി ഒട്ടേറെ മികച്ച സിനിമാനുഭവങ്ങളാണ് ചേട്ടനും അനിയനും ചേര്‍ന്ന് മലയാളിക്ക് സമ്മാനിച്ചത്.

ഇപ്പോഴിതാ കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ഇന്ദ്രജിത്. സ്‌കൂളിലെ ലളിതഗാന മത്സരത്തില്‍ പാട്ട് തെറ്റിയിട്ടും പൃഥ്വിക്ക് ഒന്നാം സ്ഥാനം കിട്ടിയതിനെ കുറിച്ചാണ്‌ താരം പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.

‘ഞാനും പൃഥ്വിയും ഒരേ പാട്ടായിരുന്നു പാടിയത്. ഞാന്‍ സീനിയര്‍ വിഭാഗത്തിലും പൃഥ്വി ജൂനിയര്‍ കാറ്റഗറിയിലുമായിരുന്നു.

പൃഥ്വി പാടിയത് എനിക്കോര്‍മയുണ്ട്. മുഴുവന്‍ ലിറിക്‌സും തെറ്റിച്ചായിരുന്നു അവന്‍ പാടിയത്. പക്ഷേ ജഡ്ജസ് പൃഥ്വിയുടെ കോണ്‍ഫിഡന്‍സ് കണ്ട് ലിറിക്‌സ് ഒന്നും നോക്കിയില്ല. അങ്ങനെ അവന് ഫസ്റ്റ് കിട്ടി.

പക്ഷേ, ഞാന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് പ്രിപെയര്‍ ചെയ്തായിരുന്നു പാടിയത്. അതുകൊണ്ട് എനിക്കും ഫസ്റ്റ് കിട്ടി. അങ്ങനെ ഒരേ പാട്ട് തന്നെ പാടി രണ്ട് പേരും ഫസ്റ്റ് പ്രൈസ് വാങ്ങി,’ ഇന്ദ്രജിത് പറയുന്നു.

ഇരുവരുമൊന്നിക്കുന്ന പുതിയ ചിത്രം ‘തീര്‍പ്പി’ന്റെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണെന്നും വൈകാതെ തന്നെ പ്രേക്ഷകര്‍ക്കരികിലേക്കെത്തുമെന്നും താരം പറഞ്ഞു. ഇനിയും ഇരുവരുമൊന്നിക്കുന്ന ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഇന്ദ്രജിത് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ആഹായാണ് ഇന്ദ്രജിത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സ്പോര്‍ട്സ് മെലോഡ്രാമ ചിത്രമാണ് ആഹാ. കേരളത്തിന്റെ സ്വന്തം കായിക വിനോദമായ വടം വലിയുടെ ആവേശവും വടംവലിക്കാരുടെ ജീവിതവുമാണ് സിനിമയിലൂടെ വരച്ചുകാട്ടുന്നത്. കേരളത്തിലെ മുഴുവന്‍ വടംവലിക്കാര്‍ക്കുമുള്ള ട്രിബ്യൂട്ടായാണ് ചിത്രം ഒരുക്കുന്നതെന്നായിരുന്നു സംവിധായകന്‍ ബിബിന്‍ പോള്‍ പറഞ്ഞിരുന്നത്.

സിനിമയില്‍ ഇന്ദ്രജിത്തിനൊപ്പം ശാന്തി ബാലകൃഷ്ണന്‍, മനോജ് കെ. ജയന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്.

ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ സയനോര ഫിലിപ്പാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Indrajith shares funny experience about Prithviraj