| Tuesday, 8th March 2022, 4:21 pm

എമ്പുരാനില്‍ ഗോവര്‍ദ്ധനും ഉണ്ടാവും, പല കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും കാണും: ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2019 ല്‍ പുറത്തു വന്ന ലൂസിഫര്‍ പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭം എന്ന നിലയില്‍ ശ്രദ്ധ നേടിയ സിനിമയായിരുന്നു. പാട്ട്, ആക്ഷന്‍, ഡയലോഗ് എന്നീ നിലകളിലെല്ലാം മാസ് കൊമേഴ്‌സ്യല്‍ ഘടകങ്ങളെല്ലാം മികച്ച രീതിയില്‍ സംയോജിപ്പിച്ച സിനിമ മോഹന്‍ലാലിലെ ക്രൗഡ് പുള്ളറെ വേണ്ട രീതിയില്‍ ഉപയോഗിച്ച സിനിമയായിരുന്നു.

മഞ്ജു വാര്യര്‍, ബോളിവുഡ് താരം വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, സായ് കുമാര്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍ മുതലായ വലിയ താരനിര അണി നിരന്ന ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതിലൊന്നായിരുന്നു ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന ഒരു കഥാപാത്രമായിരുന്നു ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധന്‍.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും താന്‍ കാണുമെന്ന് പറയുകയാണ് ഇന്ദ്രജിത്ത്. ആദ്യഭാഗത്തിലുള്ള പല കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും കാണുമെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഗോവര്‍ദ്ധന്‍ കാണുമെന്നാണ് തോന്നുന്നത്. ബാക്കിയുള്ള കാര്യങ്ങള്‍ പുറത്തുവരട്ടെ. എമ്പുരാന്റെ കഥ ആയി വരുന്നേയുള്ളൂ. കഥയെ പറ്റി എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല. തീര്‍ച്ചയായും കാണും. ആദ്യഭാഗത്തിലുള്ള പല കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും കാണും,’ ഇന്ദ്രജിത്ത് പറഞ്ഞു.

ലൂസിഫറിന്റെ തിരക്കഥാകൃത്ത് കൂടിയായി മുരളി ഗോപിയുമായുള്ള അടുപ്പത്തെ പറ്റിയും ഇന്ദ്രജിത്ത് പറഞ്ഞു.

‘മുരളി ഗോപിയുമായി സിനിമയില്‍ വരുന്നതിന് മുമ്പേ അടുപ്പമുണ്ട്. പക്ഷേ എഴുത്തുകാരന്‍ എന്ന നിലയിലുള്ള സ്വാതന്ത്യം എപ്പോഴും കൊടുക്കണം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ലൂസിഫര്‍ ഈ സിനമയുടെ കഥയൊക്കെ ഒറ്റയടിക്ക് വന്ന് പറയുന്ന രീതിയല്ല. ഓരോ കഥാപാത്രങ്ങള്‍ പതിയെ പതിയെ പറഞ്ഞു തരും.

ഒരു സമയം കഴിയുമ്പോള്‍ ആ കഥാപാത്രം നമ്മുടെ മനസില്‍ തന്നെ വളരാന്‍ തുടങ്ങും. സിനിമ തുടങ്ങുന്നതിന് മുമ്പായിരിക്കും ആ കഥാപാത്രം മുഴുവന്‍ മനസില്‍ വരുന്നത്,’ ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ത്തു.

നൈറ്റ് ഡ്രൈവാണ് ഇനി പുറത്തിറങ്ങാനുള്ള ഇന്ദ്രജിത്തിന്റെ സിനിമ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്ന ബെന്നും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി, കൈലാഷ് എന്നിവരും നൈറ്റ് ഡ്രൈവില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്.

അഭിലാഷ് പിള്ളയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നീത പിന്റോ പ്രിയ വേണു എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് നിര്‍മിച്ചിരിക്കുന്നത്.
സംഗീതം രഞ്ജിന്‍ രാജ്, ക്യാമറ ഷാജി കുമാര്‍.


Content Highlight:  Indrajith says There will also be Govardhan in Empuran

We use cookies to give you the best possible experience. Learn more