| Saturday, 11th May 2024, 3:59 pm

മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കാത്ത, മലയാളസിനിമയെ വേണ്ട രീതിയില്‍ ഉപയോഗിക്കാത്ത ഇന്ദ്രജിത്

അമര്‍നാഥ് എം.

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ഇന്ദ്രജിത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മിഴിരണ്ടിലും, മീശമാധവന്‍ തുടങ്ങിയ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളെ ഇന്ദ്രജിത് അവതരിപ്പിച്ചു. കരിയര്‍ ആരംഭിച്ച് 26 വര്‍ഷം പിന്നിടുമ്പോള്‍ മനസില്‍ തങ്ങി നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളെ ഇന്ദ്രജിത് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍, ഈ അടുത്ത കാലത്തിലെ വെട്ട് വിഷ്ണു, ക്ലാസ്‌മേറ്റ്‌സിലെ പയസ്, ആമേനിലെ വിന്‍സന്റ് വട്ടോളി, നായകനിലെ വരദനുണ്ണി തുടങ്ങി നിരവധി ശക്തമായ കഥാപാത്രങ്ങളെ ഈ കാലയളവില്‍ ഇന്ദ്രജിത് അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെയും ട്രോള്‍ ഗ്രൂപ്പുകളുടെയും കടന്നുവരവോടുകൂടി ഇന്ദ്രജിത് എന്ന നടന്‍ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചാവിഷമയായി മാറി.

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഇന്ദ്രജിത്തിനെ മലയാളസിനിമ വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു പല ചര്‍ച്ചകളിലെയും വിഷയം. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ വരികയും ചെയ്തിട്ടുണ്ട്. കെ.ജി.എഫിലെ ഡയലോഗായ ‘സ്വര്‍ണ്ണത്തിന്റെ പെട്ടി ചില്ലറക്കാശിട്ടു വെക്കാന്‍ ഉപയോഗിക്കുന്നു’ എന്നായിരുന്നു അത്തരത്തിലുള്ള ട്രോളുകളിലൊന്ന്.

എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ദ്രജിത് നായകനായി എത്തിയ മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമ കണ്ടപ്പോള്‍, ഇന്ദ്രജിത് മലയാളസിനിമയെ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ചോദിക്കാന്‍ തോന്നിയത്. തന്നിലെ നടന് യാതൊന്നും ചെയ്യാനില്ലാത്ത സ്‌ക്രിപ്റ്റും സിനിമയുമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍.

നല്ല പൊട്ടന്‍ഷ്യല്‍ ഉണ്ടായിട്ടും സ്‌ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തില്‍ ഇന്ദ്രജിത് കുറച്ചുകൂടെ അപ്‌ഡേറ്റാകാനുണ്ട്. ഈയൊരു പ്രശ്‌നം നായകനാകുന്ന സിനിമകളില്‍ മാത്രമേയുള്ളൂ. സപ്പോര്‍ട്ടിങ് ആക്ടറായി എത്തുന്ന സിനിമകളില്‍ ഇന്ദ്രജിത് എന്ന നടന്‍ തന്റെ മാക്‌സിമം പുറത്തെടുക്കാറുണ്ട്.

അനിയനും നടനുമായ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ ഇന്ദ്രജിത് ചെയ്ത ഗോവര്‍ധന്‍ എന്ന കഥാപാത്രമാണ് അതിന്റെ ഏറ്റവുമടുത്ത ഉദാഹരണം. വളരെ കുറച്ച് സ്‌ക്രീന്‍ ടൈം മാത്രമുള്ള ഗോവര്‍ധന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സ്റ്റീഫന്‍ നെടുമ്പള്ളിയെക്കുറിച്ചുള്ള രൂപം പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ആ കഥാപാത്രത്തെ മറ്റാരെയും സങ്കല്പിക്കാനാകാത്ത വിധത്തില്‍ ഇന്ദ്രജിത് ഗംഭീരമാക്കിയിട്ടുണ്ട്.

നായകനായി വന്ന സിനിമകളില്‍ എടുത്തു പറയാന്‍ ഇതുവരെ നല്ലൊരു സിനിമയില്ലാത്തത് നിരാശ നല്‍കുന്ന കാര്യമാണ്. കരിയറില്‍ മുന്നോട്ടു പോകുമ്പോള്‍ ഇനിയെങ്കിലും ഇന്ദ്രജിത് ശ്രദ്ധിക്കുമെന്ന് ആഗ്രഹിക്കുന്നു.

Content Highlight: Indrajith’s script selection for the movies he acted in lead roles

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more