| Wednesday, 4th September 2024, 3:37 pm

ഇന്ദ്രജിത്തിനെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ബോളിവുഡ്; അരങ്ങേറ്റം ഹിറ്റ്‌ മേക്കർ സംവിധായകനൊപ്പം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിൽ ചെന്ന് കയ്യടി നേടിയിട്ടുള്ള താരമാണ് പൃഥ്വിരാജ്. ഔറഗസേബ്, ഈ വർഷം ഇറങ്ങിയ അക്ഷയ് കുമാർ ചിത്രം ബഡേ മിയാൻ ചോട്ടെ മിയനിലുമെല്ലാം പൃഥ്വി ബോളിവുഡ് സിനിമയുടെ ഭാഗമായിട്ടുണ്ട്.

ഇപ്പോഴിതാ പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഹിന്ദിയിലെ പ്രശസ്ത സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ സിനിമയിലാണ് ഇന്ദ്രജിത്ത് ഭാഗമായിരിക്കുന്നത്.

ഇന്ദ്രജിത്ത് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരം പുറത്തുവിട്ടത്. തന്റെ ആദ്യ ഹിന്ദി സിനിമ തന്നെ അനുരാഗ് കശ്യപിനെ പോലൊരു സംവിധായകനൊപ്പം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നും വലിയ ആകാംക്ഷയുണ്ടെന്നും ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചു.

‘എന്റെ ആദ്യ ഹിന്ദി ഫീച്ചർ സിനിമയുടെ ഷൂട്ട്‌ കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ് ഞാൻ,’ഇന്ദ്രജിത്ത് തന്റെ പോസ്റ്റിൽ കുറിച്ചു.

‘നിങ്ങളോടൊപ്പം പ്രവർത്തിച്ചത് സന്തോഷകരമായ ഒന്നായിരുന്നു. ഈ സിനിമ ഒരു തുടക്കം മാത്രമാണ്. ഇതിൽ പ്രവർത്തിച്ചതിന് നന്ദി. ഹിന്ദി സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്നും നിങ്ങളെന്റെ ഒരു സഹോദരനായിരിക്കും,’ എന്നായിരുന്നു അനുരാഗ് കശ്യപ് ഇന്ദ്രജിത്തിന് മറുപടിയെന്നോണം പോസ്റ്റിന് കമന്റിട്ടത്.

അതേസമയം ഈയിടെ ഇറങ്ങി വലിയ ശ്രദ്ധ നേടിയ ബൃന്ദ എന്ന തമിഴ് വെബ് സീരീസിലും ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തിയിരുന്നു. തൃഷയായിരുന്നു സീരീസിലെ നായിക. ആദ്യ ബോളിവുഡ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Content Highlight: Indrajith’s First Bollywood Film With Anurag Kashyap

We use cookies to give you the best possible experience. Learn more