Film News
'രാജു, നിന്നെക്കുറിച്ച് എന്താണ് എഴുതേണ്ടതെന്ന് എനിക്കറിയില്ല'; വൈകാരിക കുറിപ്പുമായി ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 03, 11:53 am
Wednesday, 3rd April 2024, 5:23 pm

മലയാളികൾ ഏറെ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് ചലച്ചിത്രരൂപത്തില്‍ എത്തുമ്പോള്‍ ഗംഭീര പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്.

നോവലിലെ നായകന്‍ നജീബായി എത്തുന്നത് പൃഥ്വിരാജാണ്. അനിയന്റെ സിനിമ കണ്ട ഇന്ദ്രജിത്തിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. സിനിമ ഇറങ്ങി ഇത്രയും ദിവസത്തിന് ശേഷമാണ് ഇന്ദ്രജിത്ത് ആടുജീവിതം കാണുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തെക്കുറിച്ചും ബ്ലെസിയുടെ കഷ്ടപ്പാടിനെക്കുറിച്ചുമെല്ലാം ഇന്ദ്രജിത്ത് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

‘ഒരു ക്ലാസിക് നോവൽ സിനിമയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബ്ലെസി സാർ, ഇത് അസാധ്യമായിട്ടുള്ള കാര്യമാണ്. പക്ഷേ സിനിമയോടും പുസ്തകത്തോടും ഉള്ള നിങ്ങളുടെ സ്നേഹവും പാഷനും കൊണ്ടാണ് ഇത് ചെയ്തു തീർക്കാൻ കഴിഞ്ഞത്. താങ്കളുടെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി ചാർത്തിയിക്കുകയാണ്.

ബെന്യാമിൻ, ഞാൻ പുസ്തകം വായിച്ചതിനുശേഷം നമ്മളുടെ ഇടയിൽ നടന്ന സംഭാഷണം എന്റെ ഓർമയിലുണ്ട്. നിങ്ങൾ ഈ നോവൽ എഴുതിയിട്ടില്ലെങ്കിൽ ഈ ലോകത്ത് ആരും നജീബിന്റെ ജീവിതം അറിയില്ലായിരുന്നു. നിങ്ങളുടെ തൂലിക കൊണ്ട് ഇങ്ങനെ ഒരു വെളിച്ചം തീർത്തതിൽ നന്ദിയുണ്ട്.

പിന്നെ രാജു, എനിക്കറിയില്ല നിന്നെക്കുറിച്ച് എന്താണ് എഴുതേണ്ടത് എന്ന്. എല്ലാം പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന ഈ നടൻ നിന്റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. എപ്പോഴും അങ്ങനെ ഒരു അവസരം നിനക്ക് ലഭിക്കണമെന്നില്ല. ഇപ്പോൾ നിനക്കത് ലഭിച്ചു. തുറന്ന കൈകളോടെ നീയത് നേടിയെടുത്തു.

കഥാപാത്രത്തിന്റെ ഉള്ളിലേക്ക് എല്ലാ വികാരത്തോടും കൂടി കയറാൻ നിനക്ക് സാധിച്ചു. സ്ക്രീനിൽ നിന്നെ കണ്ടു പിടിക്കാൻ വളരെ പ്രയാസമായിരുന്നു. നീയെന്ന നടനെയാണ് അവിടെ കണ്ടത്. നജീബിനെ നീ അവതരിപ്പിച്ചത് എനിക്ക് വളരെ ഇഷ്ടമായി. നീ ആ ശബ്ദം മോഡുലേറ്റ് ചെയ്ത രീതിയും, സൂക്ഷ്മമായ വൈകാരിക രംഗങ്ങളും എല്ലാം എടുത്തുപറയേണ്ടതാണ്. നീ അതിനു വേണ്ടി ചെയ്ത കഷ്ടപ്പാടുകൾ ഞാൻ എടുത്തു പറയേണ്ട കാര്യമില്ല. കൺഗ്രാജുലേഷൻസ്. നജീബിനെ സ്ക്രീനിലേക്ക് കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം,’ ഇന്ദ്രജിത്ത് കുറിച്ചു.

Content Highlight: Indrajith facebook post about aadujeevitham