കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടാണ് ഇന്ദ്രജിത്ത് എന്ന നടനെ മലയാളസിനിമ അടയാളപ്പെടുത്തുന്നത്. വൈവിധ്യമാര്‍ന്ന അഭിനയശൈലി കൊണ്ട് ഇന്ദ്രജിത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇന്ദ്രജിത്തിനൊപ്പം തന്നെ പൃഥ്വിരാജും മലയാളസിനിമയിലെ അവിഭാജ്യഘടകമായി തീര്‍ന്നിരിക്കുകയാണ്.
എന്നാല്‍ തങ്ങള്‍ക്കിടയില്‍ മത്സരമൊന്നുമില്ലെന്നും ഇരുവര്‍ക്കും അവരവരുടേതായ വഴികളുണ്ടെന്നും പറയുകയാണ് ഇന്ദ്രജിത്ത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ജ്യേഷ്ഠനും അനിയനും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താരതമ്യം ഉണ്ടാവില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ യാത്ര വേറെ, പൃഥ്വിയുടെ യാത്ര വേറെ. ഞങ്ങള്‍ക്കിടയില്‍ മത്സരമില്ല. ഓരോരുത്തര്‍ക്കും വിധിച്ചത് അവനവന് തന്നെ ലഭിക്കുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. നടന്‍, നിര്‍മാതാവ്, സംവിധായകന്‍, എന്നീ നിലയിലെല്ലാം രാജു പേരെടുത്തു കഴിഞ്ഞു. നടന്‍ എന്ന നിലയില്‍ എനിക്കും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു,’ ഇന്ദ്രജിത്ത് പറഞ്ഞു.
ഇന്ദ്രജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ കുറുപ്പ്, ആഹാ എന്നീ ചിത്രങ്ങള്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പിടികിട്ടാപുള്ളിക്ക് പിന്നാലെ പായുന്ന പൊലീസുകാരനായി ഇന്ദ്രജിത്ത് കുറുപ്പിലെത്തിയപ്പോള്‍ വടംവലി മത്സരക്കാരുടെ കഥ പറയുന്ന ആഹാ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റി.
രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന ‘തുറമുഖം’, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘റാം’ എന്നിവയാണ് ഇന്ദ്രജിത്തിന്റെതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: indrajith about prithviraj