| Thursday, 15th February 2024, 5:41 pm

'പൃഥ്വി അങ്ങനെ പറഞ്ഞതിന് കാരണമുണ്ട്': ആടുജീവിതത്തില്‍ പൃഥ്വിയുടെ ഡെഡിക്കേഷനെക്കുറിച്ച് ഇന്ദ്രജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ കഴിഞ്ഞ 20വര്‍ഷത്തിലധികമായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് ഇന്ദ്രജിത് സുകുമാരന്‍. പടയണി എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ താരം വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിന്‍ ഗോപുരങ്ങള്‍ ആണ് താരത്തിന്റെ പുതിയ ചിത്രം.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ താരത്തിന്റെ സഹോദരനും നടനുമായ പൃഥ്വിരാജ് ആടുജീവിതത്തിനായി നടത്തിയ എഫര്‍ട്ടിനെക്കുറിച്ച് സംസാരിച്ചു. ആടുജീവിതം പോലെയൊരു സിനിമ ഇനി ചെയ്യില്ല എന്ന് പൃഥ്വി പറയാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് ഇന്ദ്രജിത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ആ പടത്തിന് വേണ്ടി അത്രയ്ക്ക് ഫിസിക്കല്‍ എഫര്‍ട്ട് അവന്‍ ഇട്ടതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ആ എഫര്‍ട്ട് ശരിക്ക് പറഞ്ഞാല്‍ അണ്‍ബിലീവബിളാണ്. ഒരു ദിവസം 700 കാലറീസ് അല്ലെങ്കില്‍ 800 കാലറീസില്‍ ജീവിക്കുക എന്ന് പറഞ്ഞാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെ തുടര്‍ച്ചയായി ഒന്നോ രണ്ടോ മാസം പൃഥ്വി അതുപോലെ ജീവിച്ചു. അത് ഹെല്‍ത്തിന് നല്ലതല്ല, ഒരാളും അങ്ങനെ ചെയ്യാന്‍ പാടില്ല.

ഏതൊരു ഡോക്ടറോട് പോയി ചോദിച്ചാലും നിങ്ങള്‍ എങ്ങനെയാണ് ജീവിച്ചിരിക്കുന്നതെന്ന് ചോദിക്കും. അത്രയും എക്‌സ്ട്രീംസ് ചെയ്തതുകൊണ്ടാണ് പൃഥ്വി ഇനി അങ്ങനൊരു സിനിമ ചെയ്യില്ലെന്ന് പറഞ്ഞത്. പക്ഷേ ഏതൊരു കാലഘട്ടത്തിലും ഏതൊരു നടനും അങ്ങനെയൊരു ക്യാരക്ടര്‍ ചെയ്യാനാഗ്രഹിക്കും. പൃഥ്വിയുടെ കരിയറിലെ ഐസിങ് ഓണ്‍ ദ കേക്ക് ആവും ആ കഥാപാത്രം’ ഇന്ദ്രജിത് പറഞ്ഞു.

ശ്രുതി രാമചന്ദ്രന്‍, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, സായ് കുമാര്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് മാരിവില്ലിന്‍ ഗോപുരങ്ങളിലെ പ്രധാന താരങ്ങള്‍. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീതം. സിയാദ് കോക്കര്‍ നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി 16ന് തിയേറ്ററുകളിലെത്തും.

Content Highlight: Indrajith about Prithviraj’s dedication in Aadujeevitham movie

We use cookies to give you the best possible experience. Learn more