| Monday, 2nd December 2024, 2:09 pm

തമിഴിലെ ആ വെബ് സീരീസിന് ഞാൻ റഫറൻസാക്കിയത് ലാലേട്ടന്റെ ആ കഥാപാത്രം: ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കിയ വെബ് സീരീസ് ആയിരുന്നു ‘ക്വീന്‍’. വെബ് സീരീസിൽ തമിഴ് ജനതയുടെ നായകനായ എം.ജി.ആര്‍ ആയി അഭിനയിച്ചത് മലയാളത്തിന്റെ സ്വന്തം ഇന്ദ്രജിത്ത് സുകുമാരനായിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി ചില തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്ന് പറയുകയാണ് ഇന്ദ്രജിത്ത്.

ഒരുപാട് പുസ്തകങ്ങൾ ആ സമയത്ത് വായിച്ചിരുന്നുവെന്നും സംവിധായകൻ ഗൗതം മേനോൻ തന്റേതായ രീതിയിൽ ആ കഥാപാത്രം അവതരിപ്പിക്കാനാണ് തന്നോട് പറഞ്ഞതെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

നേരത്തെ മോഹൻലാൽ എം.ജി.ആറിന്റെ വേഷത്തിൽ എത്തിയ ഇരുവർ എന്ന സിനിമ കണ്ടിട്ടുണ്ടെന്നും മോഹൻലാൽ അദ്ദേഹത്തിന്റെ സ്റ്റൈലിലാണ് എം.ജി.ആറായി മാറിയതെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് പഴയ വിഷ്വൽസും പുസ്തകങ്ങളുമെല്ലാം ആ സമയത്ത് എം.ജി.ആർ സാറിനെ കുറിച്ച് ഞാൻ വായിച്ചിരുന്നു. അങ്ങനെയാണ് ആ സീരീസ് ഞാൻ ചെയ്യുന്നത്. എന്നോട് ഗൗതം പറഞ്ഞത്, പൂർണമായി അദ്ദേഹത്തെ പോലെ ആവാൻ ശ്രമിക്കരുത് ഇന്ദ്രജിത്തിന്റെ രീതിയിൽ ചെയ്യണം എന്നായിരുന്നു.

മിമിക് ചെയ്യേണ്ട എന്നാണ് ഗൗതം പറഞ്ഞത്. അങ്ങനെ ഞാൻ എന്റെയൊരു രീതിയിലാണ് അതിന്റെ അപ്പ്രോച്ച് ചെയ്തത്. എന്തുകൊണ്ടോ അത് നന്നായി വർക്കായി വന്നു. ഇരുവർ എന്ന ചിത്രം നേരത്തെ തന്നെ ഞാൻ കണ്ടിട്ടുണ്ട്. ഇരുവരിൽ ആണെങ്കിലും എം.ജി.ആറിനെ ലാലേട്ടൻ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ ഒരു സ്റ്റൈലിലാണ്. അത് തന്നെയായിരുന്നു ഗൗതമിനും ആവശ്യം.

മിമിക് ചെയ്യാൻ പോയാൽ പെർഫോമൻസ് ചിലപ്പോൾ കയ്യിൽ നിന്നുപോകും അതുകൊണ്ട് ഇന്ദ്രജിത്തിന്റെ രീതിയിൽ എം.ജി.ആർ സാറിന്റെ കാര്യങ്ങൾ മനസിലാക്കി അവതരിപ്പിച്ചാൽ മതിയെന്ന് ഗൗതം പറഞ്ഞു. അതിന്റെ ഒരു ഭംഗി ആ കഥാപാത്രത്തിനുണ്ട്,’ഇന്ദ്രജിത്ത് പറയുന്നു.

ഇരുവർ

1997ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവര്‍. എ.ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രം, തമിഴ് രാഷ്ട്രീയ നേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും എം. കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതാംശങ്ങള്‍ പകര്‍ത്തിയിരുന്നു. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഇരുവര്‍ എക്കാലത്തെയും ക്ലാസിക് ചിത്രമായി വിശേഷിപ്പിക്കപ്പെടുന്നു.

ചിത്രത്തിലെ പ്രകടനത്തിന് പ്രകാശ്‌രാജിന് മികച്ച സഹ നടനുള്ള ദേശീയ അവാർഡും കിട്ടിയിരുന്നു. ഐശ്വര്യ റായിയുടെ ആദ്യ ചിത്രവുമാണ് ഇരുവർ.

Content Highlight: Indrajith About Mohanlal’s Performance In Iruvar Movie

We use cookies to give you the best possible experience. Learn more