| Saturday, 11th April 2020, 3:24 pm

മധ്യപ്രദേശില്‍ 72 ശതമാനം മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് കൊവിഡ് ഹോട്ട്‌സ്‌പോട്ടായ ഇന്‍ഡോറില്‍; രേഖപ്പെടുത്തിയത് ദേശീയ ശരാശരിയുടെ മൂന്ന് മടങ്ങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 72 ശതമാനവും തിരക്കേറിയ നഗരമായ ഇന്‍ഡോറില്‍. ആകെ മരിച്ച 36 പേരില്‍ 27 പേരും ഇന്‍ഡോറില്‍ നിന്നുള്ളവരാണ്.

ഇന്‍ഡോറില്‍ രേഖപ്പെടുത്തിയ മരണത്തിന്റെ കണക്ക് ദേശീയ ശരാശയിയുടെ മൂന്ന് മടങ്ങ് വരും. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ സര്‍വേയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്ത ഇന്‍ഡോറില്‍ വൈറസ് വ്യാപനം കൂടുന്നത് അധികൃതര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഇന്‍ഡോറിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളതും. 123 പേര്‍ക്കാണ് ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ചത്. ഭോപ്പാലില്‍ 83 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 435 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.

നഗരത്തിലെ മുസ്‌ലിം ശ്മശാനങ്ങളില്‍ സംസ്‌കരിക്കുന്നതിനായി കൊണ്ടു വരുന്ന മൃതദേഹങ്ങളുടെ എണ്ണം കുത്തനെ ഉയരുന്നതിനെക്കുറിച്ചും ആശങ്കയുള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ മരണ കാരണം പലതാണ് ശ്മശാനത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതില്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും മറ്റു അസുഖങ്ങളും മരണകാരണമായി കാണുന്നു. അതേസമയം ഈ പ്രദേശത്തെ ക്ലിനിക്കുകളൊക്കെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അടഞ്ഞു കിടക്കുകയുമാണ്.

മധ്യപ്രദേശില്‍ ഭോപ്പാലും ഇന്‍ഡോറും ഉജ്ജയിനും കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകള്‍ നിലവില്‍ കര്‍ശന നിയന്ത്രണത്തിലാണ്. പ്രദേശങ്ങള്‍ അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more