മുസ്‍ലിം യുവാവ് സംഘടിപ്പിക്കുന്ന നവരാത്രിയാഘോഷം ലൗ ജിഹാദെന്ന് ഹിന്ദുത്വവാദികള്‍; റദ്ദാക്കി ഇന്‍ഡോര്‍ പൊലീസ്
national news
മുസ്‍ലിം യുവാവ് സംഘടിപ്പിക്കുന്ന നവരാത്രിയാഘോഷം ലൗ ജിഹാദെന്ന് ഹിന്ദുത്വവാദികള്‍; റദ്ദാക്കി ഇന്‍ഡോര്‍ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2024, 8:07 pm

ജയ്പൂര്‍: മധ്യപ്രദേശില്‍ നവരാത്രി ദിനത്തോടനുബന്ധിച്ച ആഘോഷങ്ങള്‍ റദ്ദാക്കി ഇന്‍ഡോര്‍ പൊലീസ്. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഗര്‍ബ നൃത്തോത്സവങ്ങള്‍ക്കാണ് പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഗര്‍ബ നൃത്തോത്സവങ്ങള്‍ക്ക് പിന്നില്‍ ലൗ ജിഹാദാണെന്ന് ബജ്‌രംഗ് ദൾ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. ഭന്‍വാര്‍കുവന്‍ ഗ്രാമത്തില്‍ നടക്കാനിരുന്ന ആഘോഷങ്ങളാണ് ഇന്‍ഡോര്‍ പൊലീസ് മുടക്കിയത്.

കഴിഞ്ഞ 15 വര്‍ഷമായി പ്രദേശത്ത് ഗര്‍ബ പരിപാടികള്‍ നടന്നുവരുന്നുണ്ട്. ഫിറോസ് ഖാന്‍ എന്ന വ്യക്തിയായിരുന്നു വര്‍ഷങ്ങളായി ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ബജ്‌രംഗ് ദൾ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് സംഘടകര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

സംഘാടകരുടെ വീടുകള്‍ റെയ്ഡ് ചെയ്യാനും പരിപാടിയുടെ പോസ്റ്ററുകള്‍ വചലിച്ചുകീറാനും പൊലീസ് ഉത്തരവിട്ടതായാണ് ദേശീയമാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒക്ടോബര്‍ 12 വരെ നടക്കുന്ന നവരാതി ആഘോഷങ്ങളില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആളുകള്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ കൈവശം വെക്കണമെന്നും പരിശോധിക്കണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ നവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ഗോമൂത്രം കുടിക്കണമെന്ന മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ ചിന്തു വര്‍മയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. ഇതിലൂടെ അഹിന്ദുക്കളെ പരിപാടിയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കഴിയുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു.

യഥാര്‍ത്ഥ ഹിന്ദു ഈ ആവശ്യം നിരസിക്കില്ലെന്നും നിരസിക്കുന്നവര്‍ അഹിന്ദുക്കളാണെന്ന് തല്‍ക്ഷണം മനസിലാക്കാമെന്നും ചിന്തു വര്‍മ പറയുകയുണ്ടായി. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തി.

ബി.ജെ.പി മുഴുവന്‍ സമയവും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഗോശാലകളിലും ഗോമൂത്രത്തിലുമാണെന്നും കോണ്‍ഗ്രസ് വക്താവ് നീലഭ് ശുക്ല പ്രതികരിച്ചു. വിദ്വേഷ പരാമര്‍ശം പിന്‍വലിച്ച് ബി.ജെ.പി നേതാവ് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയുണ്ടായി.

Content Highlight: Indore Police canceled Navratri celebrations in Madhya Pradesh