| Monday, 23rd April 2018, 11:38 am

ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യവേ യുവതിയുടെ പാവാട വലിച്ചൂരാന്‍ ശ്രമിച്ച് ബൈക്ക് യാത്രികര്‍; പീഡനശ്രമത്തിനിടെ വാഹനം മറിഞ്ഞ് യുവതിക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന മോഡലും ബ്ലോഗറുമായ യുവതിക്ക് നേരെ പീഡനശ്രമം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പിന്നില്‍ ബൈക്കിലെത്തിയ യുവാക്കള്‍ യുവതിയെ പാവാട പിടിച്ച് ഊരാന്‍ ശ്രമിക്കുകയും യുവതി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. അപകടത്തില്‍ യുവതിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു.

ഇന്‍ഡോറിലെ തിരക്കുള്ള റോഡില്‍ വെച്ചായിരുന്നു ആക്രമണമെന്ന് യുവതി പറയുന്നു. “”രണ്ട് യുവാക്കള്‍ എന്റെ പാവാട വലിച്ചൂരാന്‍ ശ്രമിക്കുകയായിരുന്നു. “”പാവeടയുടെ അടിയില്‍ എന്താണ് ഉള്ളത് “”എന്ന് ചോദിച്ചുകൊണ്ടായിരുന്നു അവരുടെ ആക്രമണം.


Dont Miss ആര്‍.എസ്.എസുമായി ബന്ധമുള്ളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയാവില്ലെന്ന് മക്ക മസ്ജിദ് സ്‌ഫോടനക്കേസ് ജഡ്ജി


വാഹനത്തില്‍ നിന്നും തെറിച്ച് റോഡില്‍ വീണെങ്കിലും ആരും സഹായത്തിനായി എത്തിയില്ല. ഉപദ്രവിച്ചവര്‍ വളരെ വേഗത്തില്‍ വാഹനമോടിച്ച് പോകുകയും ചെയ്തു. നമ്പര്‍ പോലും അപ്പോള്‍ നോക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വീണുകിടക്കുന്നത് കണ്ട് പ്രായമായ ഒരാള്‍ എത്തി.

“ഞാന്‍ പാവാട ധരിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് “എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ഞെട്ടലാണ് അപ്പോള്‍ തോന്നിയത്- സംഭവത്തെ കുറിച്ച് യുവതി ട്വിറ്ററില്‍ കുറിച്ചു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ പ്രതികരിക്കാന്‍ തയ്യാറാവില്ല. അവര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് കരുതി മിണ്ടാതിരിക്കാറാണ് പതിവ്. എനിക്ക് നേരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോഴും ഞാന്‍ പതറിപ്പോവുകയാണ് ഉണ്ടായത്. അരമണിക്കൂര്‍ നേരത്തേക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല. എന്റെ സുഹൃത്തുക്കള്‍ എത്തി എന്നെ എടുത്തുള്ള കഫേയില്‍ ഇരുത്തി. സംഭവത്തെ കുറിച്ച് അവരോട് പറയാന്‍ പോലും എനിക്ക് അപ്പോള്‍ പറ്റിയില്ല.

ഞാന്‍ എന്ത് ധരിക്കണമെന്നത് എന്റെ ചോയ്‌സ് ആണ്. അത് ഞാനാണ് തീരുമാനിക്കുക. ഞാന്‍ പാവാടയാണ് ധരിച്ചത് എന്ന കാരണത്തില്‍ എന്നെ ഉപദ്രവിക്കാനുള്ള അധികാരം അവര്‍ക്കില്ല. തിരിക്കുള്ള റോഡായതുകൊണ്ട് മാത്രമാണ് അവര്‍ എന്നെ വെറുതെ വിട്ടത്. ഇടുങ്ങിയ ഏതെങ്കിലും വഴിയായിരുന്നെങ്കില്‍ അവര്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചേനെ.

എത്രയെത്ര സംഭവങ്ങള്‍ ആവര്‍ത്തിച്ചാലും അതില്‍ നിന്നൊന്നും ആരും പഠിക്കുന്നില്ല. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലും എനിക്ക് കഴിയുമോ എന്നറിയില്ല. സംഭവം നടന്ന സ്ഥലത്ത് ഞാന്‍ വീണ്ടും പോയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു സിസി ടിവി ക്യാമറ പോലും അവിടെ എവിടേയും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. അവരെ പിടികൂടുമോ എന്നറിയില്ല.- യുവതി ട്വിറ്ററില്‍ കുറിച്ചു.

We use cookies to give you the best possible experience. Learn more