| Friday, 14th January 2022, 5:03 pm

ഇന്തോനേഷ്യയില്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെട്ടതിന് സ്ത്രീക്ക് 100 ചാട്ടവാറടി, പങ്കാളിയായ പുരുഷന് 15

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇന്തോനേഷ്യയില്‍ സ്ത്രീക്ക് 100 ചാട്ടവാറടി ശിക്ഷ. അതേസമയം പങ്കാളിയായ പുരുഷന് ശിക്ഷ 15 ചാട്ടവാറടി മാത്രം.

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു എന്ന് സമ്മതിച്ചതിനാലാണ് സ്ത്രീക്ക് 100 ചാട്ടവാറടി ശിക്ഷയായി വിധിച്ചത്. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ചതിനാലും മറ്റ് തെളിവുകളില്ലാത്തതിനാലുമാണ് പുരുഷന്റെ ശിക്ഷ 15 ചാട്ടവാറടി മാത്രമായി ഒതുങ്ങിയത്.

ഇന്തോനേഷ്യയിലെ ആചെഹ്‌യില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.

മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ശരീഅത്ത് നിയമം പിന്തുടരുന്ന ഏക പ്രദേശമാണ് ആചെഹ്. ശരീഅത്ത് നിയമപ്രകാരം വിവാഹേതര ബന്ധം, ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗ ലൈംഗികത എന്നിവ ചാട്ടവാറടി നല്‍കാവുന്ന കുറ്റങ്ങളാണ്.

2005ല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാരുമായി സ്വയംഭരണത്തെക്കുറിച്ച് ഉണ്ടാക്കിയ കരാറിന്റെ പുറത്താണ് ആചെഹ് ശരീഅത്ത് നിയമം പിന്തുടരുന്നത്.

വേദന സഹിക്കാനാവാത്തതിനാല്‍ സ്ത്രീയുടെ ചാട്ടവാറടി ഇടക്കുവെച്ച് നിര്‍ത്തിവെച്ചതായി ശിക്ഷ നടപ്പാക്കിയ സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ബന്ധത്തില്‍ പങ്കാളിയായ പുരുഷന്‍ കിഴക്കന്‍ ആചെഹ്‌യിലെ ഫിഷറി ഏജന്‍സി തലവന്‍ കൂടിയാണ്.

ആദ്യം 30 ചാട്ടവാറടിയായിരുന്നു ഇയാള്‍ക്ക് ആദ്യം ശിക്ഷ വിധിച്ചത്. എന്നാല്‍ ശരീഅത്ത് സുപ്രീംകോടതിയില്‍ ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി സ്വീകരിച്ചതോടെ 15 ചാട്ടവാറടിയായി ശിക്ഷ ചുരുങ്ങുകയായിരുന്നു.

2018ലായിരുന്നു കേസിനാസ്പദമായ സംഭവം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Indonesian woman flogged 100 times for adultery, man gets 15 lashes

We use cookies to give you the best possible experience. Learn more