ജക്കാര്‍ത്ത: തന്റെ വിവാഹത്തെ സംബന്ധിച്ച് തുടര്‍ച്ചയായി ചോദിച്ച് ശല്യം ചെയ്ത യുവതിയെ ഇന്തോനേഷ്യന്‍ യുവാവ് കഴുത്തു ഞെരിച്ച് കൊന്നു. 28-കാരനായ ഫായിസ് നൂറുദ്ദീനാണ് ഗര്‍ഭിണിയായ അയല്‍ക്കാരി ആയിഷയെ (32) കൊന്നത്. ഇന്തോനേഷ്യയിലെ കംപങ് പസിര്‍ ജോഞ്ചിലാണ് സംഭവം.
“പെട്ടെന്ന് വിവാഹിതനാകൂ, മറ്റുള്ളവരുടെയെല്ലാം വിവാഹം കഴിഞ്ഞു. നീ എന്താണ് ഇതുവരെ വിവാഹം ചെയ്യാത്തത്?” എന്നെല്ലാമാണ് ആയിഷ തന്നോട് പറഞ്ഞതെന്നും അവരുടെ ഈ വാക്കുകളാണ് തന്നെ പ്രകോപിതനാക്കിയത് എന്നും കുറ്റാരോപിതന്‍ പൊലീസിനോട് പറഞ്ഞു.
ഇത് പറഞ്ഞതിന്റെ പിറ്റേ ദിവസം ഫായിസ് ആയിഷയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ആയിഷയെ കഴുത്തുഞെരിച്ച് കൊല്ലുകയാണ് ഉണ്ടായത്. കൊല നടത്തിയ ശേഷം വീട്ടില്‍ നിന്ന് പണവും സ്മാര്‍ട്ട് ഫോണും ഇയാള്‍ മോഷ്ടിച്ചിട്ടുമുണ്ട്.
കൃത്യം നടത്തിയ ശേഷം ഫായിസ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാലിന് വെടിവെച്ച് ഇയാളെ പൊലീസ് പിടികൂടി. ചെയ്ത കുറ്റത്തിന് ഇയാള്‍ക്ക് ജീവപര്യന്തം വരെ തടവു ശിക്ഷ കിട്ടുമെന്നാണ് അറിയുന്നത്.