| Tuesday, 7th August 2018, 12:57 pm

ശക്തമായ ഭൂമികുലുക്കത്തിലും പ്രാര്‍ത്ഥന നിര്‍ത്താതെ മുസ്‌ലിം പുരോഹിതന്‍; വീഡിയോ വൈറലാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ ശക്തമായ ഭൂകമ്പമുണ്ടായത്. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇന്നലെ പരിക്കേറ്റത്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ 91 പേര്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടു.

ഈ ശക്തമായ ഭൂകമ്പത്തിലും ഒന്നുമറിയാതെ പ്രാര്‍ത്ഥിക്കുന്ന മുസ്‌ലിം പുരോഹിതന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭൂകമ്പം ഏറ്റവുമധികം നാശം വിതച്ച ബാലി ദ്വീപിലെ പള്ളിയില്‍ നിന്നുള്ള കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പള്ളിയില്‍ നിസ്‌ക്കാരത്തിന്റെ ഭാഗമായി പ്രാര്‍ത്ഥനയിലായിരുന്നു പുരോഹിതനും ചിലരും. ഇതിനിടെയായിരുന്നു ഭൂകമ്പമുണ്ടായത്. എന്നാല്‍ പുരോഹിതന്‍ പ്രാര്‍ത്ഥന തുടരുകയായിരുന്നു. പുരോഹിതന്റെ വിശ്വാസത്തിന്റെ ശക്തിയാണെന്നാണ് ചിലര്‍ പറയുന്നത്.

Also Read റോഡ് സുരക്ഷക്കുവേണ്ടിയുള്ള വിദ്യാര്‍ത്ഥി പ്രതിഷേധം;റോഡപകടങ്ങളിലെ മരണങ്ങളില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കാനൊരുങ്ങി ബംഗ്ലാദേശ്

എന്നാല്‍ പുരോഹിതന്റെ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭൂകമ്പ സമയത്ത് പ്രാര്‍ത്ഥിക്കുകയല്ല രക്ഷപ്പെടാനാണ് നോക്കേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പുരോഹിതന്‍ കാരണം അവിടെ നിന്ന് പുറത്ത് കടക്കാന്‍ കഴിയാതിരുന്നവരുമുണ്ടെന്നും എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കിലോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

അതേസമയം ഇന്നലെ രാവിലെ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ പ്രകമ്പനങ്ങളിലുമാണ് വന്‍ നാശനഷ്ടം രേഖപ്പെടുത്തിയത്. ആയിരത്തോളം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ലോംബോക്കിനു വടക്കും കിഴക്കും ഭാഗങ്ങളില്‍ താമസിച്ചിരുന്നവരാണ് മരിച്ചവരിലേറെയും.

ഒട്ടേറെ പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. ബാലി വിമാനത്താവളത്തിലെ ടെര്‍മിനലിനു ചെറിയ കേടുപാടുകളുണ്ടെങ്കിലും റണ്‍വേ പ്രവര്‍ത്തനക്ഷമമായതിനാല്‍ വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്. ലോംബോക്കില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഭൂചലനമാണിത്. ആദ്യത്തേതില്‍ 17 പേരാണ് മരിച്ചത്.

We use cookies to give you the best possible experience. Learn more