ജക്കാര്‍ത്ത: 2020 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് രാജ്യത്ത് നിന്ന് ആരും സൗദിയിലേക്കില്ലെന്ന് ഇന്തോനേഷ്യ. കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാറിന്റെ തീരുമാനം.
ഹജ്ജ് യാത്ര ഈ വര്‍ഷമുണ്ടോ എന്ന കാര്യത്തില്‍ സൗദി സര്‍ക്കാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. സൗദിയില്‍ നിന്ന് ഇതു സംബന്ധിച്ച് ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നാണ് ഇന്ത്യോനേഷ്യയിലെ മതകാര്യ മന്ത്രി ഫച്ചറുല്‍ റാസി അറിയിച്ചിരിക്കുന്നത്.
‘ സൗദി അറേബ്യന്‍ അധികൃതരില്‍ നിന്നും ഉറപ്പുകളൊന്നും ലഭിക്കാത്ത സഹചര്യത്തില്‍ ഹജ്ജ് 2020 ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു,’ ഇന്തോനേഷ്യ മതകാര്യ മന്ത്രി പറഞ്ഞു.
ഒപ്പം ഇത് പ്രയാസകരമായ തീരുമാനമാണെന്നും എന്നാല്‍ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഇത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ്-ഉംറ യാത്ര ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഉണ്ടാവില്ലെന്നാണ് സൗദി നേരത്തെ അറിയിച്ചത്. സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടന യാത്രകള്‍ നടക്കുമോ എന്നതില്‍ ആശങ്കയുണ്ട്.
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മാത്രം മരിച്ചത് 24 പേരാണ്. മക്ക, ജിദ്ദ, റിയാദ്, മദീന ദമ്മാം, ഖുന്‍ഫുദ എന്നിവിടങ്ങളിലാണ് മരണം.
ഇതോടെ സൗദിയിലെ ആകെ കൊവിഡ് മരണസംഖ്യ 549 ആയി. ചൊവ്വാഴ്ച പുതുതായി 1869 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. 1484 പേര്‍ക്ക് കൂടി രോഗം ഭേദമായി. സൗദിയില്‍ 89,011 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 65790 പേര്‍ക്ക് രോഗം ഭേദമായി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക