| Monday, 12th December 2022, 6:17 pm

വിനോദസഞ്ചാരികളെ അകറ്റുന്നു; വിവാഹേതര ലൈംഗിക ബന്ധത്തില്‍ വിദേശികള്‍ക്ക് ഇളവുമായി ഇന്തോനേഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ പ്രതികരണവുമായി ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ്. പുതിയ നിയമപ്രകാരം വിദേശ വിനോദസഞ്ചാരികള്‍ക്കെതിരെ കുറ്റം ചുമത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വിവാഹേതര ലൈംഗിക ബന്ധം നിരോധിക്കുന്ന പുതിയ ക്രിമിനല്‍ കോഡ് വിദേശ സഞ്ചാരികളെ ബാധിക്കുമെന്ന ഭയം വര്‍ധിക്കുന്നതിനാല്‍ വിദേശീയര്‍ക്കെതിരെ കുറ്റം ചുമത്തില്ലെന്ന് ഇന്തോനേഷ്യന്‍ ഡെപ്യൂട്ടി നിയമ-മനുഷ്യാവകാശ മന്ത്രി ഒമര്‍ ഷെരീഫ് ഹിയാരേജ് (Edward Omar Sharif Hiariej) അറിയിച്ചു.

‘വിദേശ വിനോദസഞ്ചാരികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി ഇന്തോനേഷ്യയിലേക്ക് വരൂ. കാരണം പുതിയ ക്രിമിനല്‍ കോഡ് പ്രകാരം നിങ്ങളില്‍ കുറ്റം ചുമത്തില്ല,’ ഒമര്‍ ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്തോനേഷ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബാലിയില്‍ പുതിയ ക്രിമിനല്‍ കോഡ് പ്രകാരം നയപരമായ മാറ്റങ്ങളൊന്നും വരില്ലെന്ന് ഗവര്‍ണര്‍ വയാന്‍ കോസ്റ്ററും പറഞ്ഞു.

‘ബാലി പതിവുപോലെ ബാലിയാണ്, ബാലി സന്ദര്‍ശനം സുഖകരവും സുരക്ഷിതവുമാണ്. ഏതെങ്കിലും ടൂറിസം സ്‌പോട്ടുകളിലെ താമസസ്ഥലത്ത് ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ മാരിറ്റല്‍ സ്റ്റാറ്റസ് നോക്കില്ലെ, അധികൃതരുടെ പരിശോധനയും ഉണ്ടാകില്ല,’ കോസ്റ്റര്‍ പറഞ്ഞു.

2019ലെ കണക്കുകള്‍ പ്രകാരം 16 ദശലക്ഷത്തിലധികം വിദേശ സഞ്ചാരികളാണ് ഇന്തോനേഷ്യയില്‍ ഒരു വര്‍ഷത്തില്‍ എത്തുന്നത്. എന്നാല്‍, പുതിയ ക്രമിനല്‍ കോഡ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ നിയമം വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള ഇന്തോനേഷ്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക വ്യാവസായിക രംഗത്തുള്ളവരും പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ആഴ്ചയാണ് വിവാഹേതര ലൈംഗിക ബന്ധം നിരോധിക്കുന്ന പുതിയ ക്രിമിനല്‍ കോഡിന് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

ഇത് പ്രകാരം ഭര്‍ത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധം നിരോധിക്കുകയും വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന വിദേശികള്‍ക്കും നിയമം ബാധകമാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. 600ലധികം അനുഛേദങ്ങളുള്ള പുതിയ ക്രിമിനല്‍ കോഡിന് പാര്‍ലമെന്റ് ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്.

വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭര്‍ത്താവില്‍ നിന്നോ ഭാര്യയില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. കോടതിയില്‍ വിചാരണ ആരംഭിക്കും മുമ്പേ പരാതികള്‍ പിന്‍വലിക്കാമെന്നും നിയമത്തില്‍ പറയുന്നുണ്ട്.

പുതിയ നിയമം വ്യക്തി സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും നിയന്ത്രണമേര്‍പ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

2019ല്‍ നടപ്പാക്കാന്‍ ശ്രമിച്ച് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ച ബില്ലാണ് വീണ്ടും പാസാക്കിയത്. പതിനായിരക്കണക്കിന് ആളുകളാണ് അന്നും ബില്ലിനെതിരെ തെരുവിലിറങ്ങിയത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗം എന്നിവരോട് വിവേചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlight: Indonesia seeks to allay tourism fears over new adultery law

We use cookies to give you the best possible experience. Learn more