| Thursday, 22nd August 2024, 10:20 pm

പ്രതിഷേധം; തെരഞ്ഞെടുപ്പ് നിയമം മാറ്റാനുള്ള പദ്ധതി റദ്ദാക്കി ഇന്തോനേഷ്യൻ സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജകാർട്ട: ആയിരക്കണക്കിന് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പരിഷ്‌ക്കരിക്കാനുള്ള ഇന്തോനേഷ്യൻ സർക്കാരിന്റെ നീക്കം പിൻവലിച്ചതായി റിപ്പോർട്ട്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഒരു രാഷ്ട്രീയ രാജവംശം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആയിരക്കണക്കിന് ആളുകൾ തലസ്ഥാനത്ത് റാലി നടത്തി. വരാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർത്ഥി പ്രായപരിധി സംബന്ധിച്ച ഭരണഘടനാ കോടതി ഉത്തരവ് റദ്ദാക്കാനും പാർലമെൻ്റ് തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് നിയമത്തിലെ ആസൂത്രിത മാറ്റത്തിനെതിരെ രാജ്യത്തുടനീളം പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ജോക്കോവി എന്നറിയപ്പെടുന്ന വിഡോഡോയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനിടെ പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. തുടർന്ന് പ്രാദേശിക തെരഞ്ഞെടുപ്പ് നിയമത്തിന്റെ പരിഷ്കരണം റദ്ദാക്കിയതായി ജനപ്രതിനിധി സഭയുടെ ഡെപ്യൂട്ടി സ്പീക്കർ സുഫ്മി ദാസ്കോ അഹ്മദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘രാജ്യത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രാദേശിക തെരഞ്ഞെടുപ്പ് നിയമത്തിൻ്റെ പരിഷ്കരണം തുടരാനാവില്ലെന്ന് ഔദ്യോഗികമായി തീരുമാനിച്ചു,’ സുഫ്മി ദാസ്കോ അഹ്മദ് പറഞ്ഞു.

സ്ഥാനാരോഹണ സമയത്ത് ഗവർണറായി സേവനമനുഷ്ഠിക്കാനുള്ള കുറഞ്ഞ പ്രായം 30 ആക്കി മാറ്റുന്നതിനും നാമനിർദേശ ആവശ്യകതകൾ കൂടുതൽ ലഘൂകരിക്കുന്നതിനുമുള്ള അടിയന്തര പ്രമേയം പാർലമെൻ്റ് ബുധനാഴ്ച പാസാക്കിയിരുന്നു. ഈ നീക്കങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനത്തിന് കാരണമാവുകയും ഭരണഘടനാ പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്തു. ഈ നിയമഭേദഗതിയിലൂടെ 29 കാരനായ ജോക്കോ വിഡോഡോയുടെ ഇളയമകൻ കെയ്‌സാങ് പംഗരേപ്പിന് പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കും. വരുന്ന ഡിസംബറിൽ കെയ്സാങ്ങിന് 30 തികയും.

ഇന്തോനേഷ്യയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡൻ്റായി വിഡോഡോയുടെ മൂത്ത മകൻ ജിബ്രാൻ റകാബുമിങ് റാക്ക (36) തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് സ്വജനപക്ഷപാത ആരോപണങ്ങൾ ഉയർന്നത്.

പാർലമെൻ്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഇന്തോനേഷ്യൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കെട്ടിടത്തിന് മുന്നിലെ റോഡുകൾ പ്രതിഷേധക്കാർ കയ്യടക്കി. ചിലർ ബാനറുകളും അടയാളങ്ങളും പിടിച്ചപ്പോൾ മറ്റുചിലർ തീയിടുകയും ചെയ്തു.

‘എൻ്റെ രാജ്യം നാശത്തിൻ്റെ വക്കിലാണ് എന്നതിനാലാണ് ഞാൻ ഇവിടെ വന്നത്. ഈ നിയമനിർമാതാക്കൾ ജനങ്ങളെ കബളിപ്പിച്ചു,’ 64 കാരനായ പ്രതിഷേധക്കാരൻ മുഹമ്മദ് സാലിഹ് സക്കറിയ എ.എഫ്‌.പി വാർത്താ ഏജൻസിയോട് പറഞ്ഞു. യോഗ്യക്കാർത്ത, മകാസർ, ബന്ദൂങ്, സെമരങ് എന്നിവിടങ്ങളിലും പ്രതിഷേധം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Content Highlight: Indonesia scraps plan to change election law amid protests

We use cookies to give you the best possible experience. Learn more