ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ സുകര്‍ണോയുടെ മകള്‍ സുക്മാവതി സുകര്‍ണോപുത്രി മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിക്കുന്നു. സി.എന്‍.എന്‍ ഇന്തോനേഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബര്‍ 26 ന് ബാലിയിലെ സുകര്‍ണോ സെന്ററില്‍ വെച്ച് നടക്കുന്ന ‘സുദി വദാനി’യെന്ന ചടങ്ങിലാണ് സുക്മാവതി പുതിയ മതം സ്വീകരിക്കുന്നത്. ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റായ സുകര്‍ണോയുടെ മൂന്നാമത്തെ മകളാണ് സുക്മാവതി.
കുടുംബത്തിന്റെ സമ്മതത്തോടെയാണ് സുക്മാവതി മതം മാറ്റത്തിനൊരുങ്ങുന്നത്. തന്റെ മുത്തശ്ശിയായ ഇഡ ആയും ന്യോമന്‍ റായ് സ്രിംബെന്റെ നിര്‍ദേശ പ്രകാരമാണ് സുക്മാവതി മതം മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുക്മാവതിയുടെ 70ാം പിറന്നാളിന്റെ പശ്ചാത്തലത്തിലാണ് മതം മാറ്റവും സംഘടിപ്പിക്കുന്നത്.
മുന്‍പു തന്നെ ഹിന്ദുമതത്തിനോട് സുക്മാവതി ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദു പുരോഹിതരുമായി കൂടിക്കാഴ്ചകളും ഇവര്‍ നടത്തിയിരുന്നു.
നിലവിലെ രാജ്യത്തെ ഭരണപാര്‍ട്ടിയുടെ നേതാവും മുന്‍ പ്രസിഡന്റുമായ മേഘാവതി സുകര്‍ണോപുത്രിയുടെ ഇളയ സഹോദരിയാണ് സുക്മാവതി. കവിയത്രിയായ സുക്മാവതി സുകര്‍ണോപുത്രിക്ക് നേരെ രാജ്യത്തെ ഇസ്‌ലാമിസ്റ്റുകളുടെ നിരന്തര ഭീഷണിയുണ്ടാവാറുണ്ട്.
കവിതയിലൂടെ ഇസ്‌ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് ആരോപണം. സ്ത്രീകളുടെ മുഖാവരണത്തേക്കാള്‍ നല്ലത് ഇന്തോനേഷ്യന്‍ പരമ്പരാഗത ഹെയര്‍ ബണ്‍ ആണെന്ന് ഇവര്‍ ഒരു കവിതയില്‍ പരാമര്‍ശിച്ചത് വലിയ വിവാദമായിരുന്നു.
ഇതിന്റെ പേരില്‍ ഇവര്‍ക്ക് മാപ്പ് പറയേണ്ടിയും വന്നിരുന്നു. എന്നാല്‍ ഇന്തോനേഷ്യന്‍ ഉലെമ ഡിഫന്‍സ് ടീം, ഇന്തോനേഷ്യന്‍ ഇസ്‌ലാമിക് സ്റ്റുഡന്റ് മൂവ്മെന്റ് തുടങ്ങിയ ഇസ്‌ലാമിക സംഘടനകള്‍ ഇവരുടെ മാപ്പ് അംഗീകരിച്ചിരുന്നില്ല.