| Wednesday, 25th September 2019, 12:17 pm

'എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്റേതല്ല'; ഇന്തോനേഷ്യയില്‍ വിവാദ നിയമത്തിനെതിരെ പ്രതിഷേധമിരമ്പുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: വിവാഹത്തിനു മുമ്പുള്ള ലൈംഗികതയും ഗര്‍ഭഛിദ്രവും ക്രിമിനല്‍കുറ്റമാക്കുന്ന ബില്‍ കൊണ്ടു വന്ന ഇന്തോനേഷ്യന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. വിദ്യാര്‍ഥികളുള്‍പ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ചൊവ്വാഴ്ച തെരുവിലിറങ്ങിയത്.

പാര്‍ലമെന്റ് സ്പീക്കര്‍ ബാംബാങ് സൊയിസാത്തിയോയെ കാണണമെന്ന ആവശ്യവുമായി ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് കൂടുതല്‍ പേര്‍ പ്രതിഷേധിച്ചത്. ‘എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്റെതല്ല’ തുടങ്ങി നിരവധി പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.

ബില്‍ ചൊവ്വാഴ്ചയായിരുന്നു പാര്‍ലമെന്റില്‍ വോട്ടെടുപ്പിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ആവശ്യമാണെന്ന് കാണിച്ച് പ്രസിഡന്റ് യോക്കോ വിഡോഡോ വോട്ടെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.

ബില്‍ പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നുണ്ടെങ്കിലും ഇത് പാര്‍ലമെന്റില്‍ പാസാക്കും എന്ന് പ്രതിഷേധക്കാര്‍ ആശങ്കപ്പെടുന്നുണ്ട്.

പ്രതിഷേധക്കാര്‍ പൊലിസിനു നേരെ കല്ലെറിയുകയും പൊലീസ് തിരിച്ച് കണ്ണീര്‍ വാതകവും ജലപീരിങ്കിയും പ്രയോഗിക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ പല പ്രധാന നഗരങ്ങളിലും രണ്ടാം ദിവസവും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഴിമതി വിരുദ്ധ കമ്മീഷനെ ദുര്‍ബലപ്പെടുത്തി ബില്‍ പാസാക്കുന്നതിലും പൊതുവില്‍ ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

വിവാഹത്തിനു മുമ്പുള്ള ലൈംഗികകത ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന തരത്തില്‍ കുറ്റകരമാക്കുക, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കി പരിഗണിക്കുക, ലൈംഗികാതിക്രമത്തിനിരയവാകുയോ, മറ്റു അടിയന്തര ഘട്ടങ്ങളിലോ അല്ലാതെ ഗര്‍ഭഛിദ്രം ചെയ്യുന്നത് നാലു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പാസാക്കൊനൊരുങ്ങുന്ന ശിക്ഷാ നിയമാവലി.

രാജ്യത്തിന്റെ കൊടി ഉള്‍പ്പെടുന്ന ചിഹ്നങ്ങള്‍, സ്ഥാപനങ്ങള്‍, മതം, പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തുടങ്ങിയവരെ അപമാനിക്കുക തുടങ്ങിയവ നിയമവിരുദ്ധമാക്കുകയെന്നതും നിയമാവലിയില്‍ ഉണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more