ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ അധിനിവേശത്തിനെതിരെ ഇന്തോനേഷ്യ കേസ് ഫയൽ ചെയ്തതായി ഇസ്രഈലി പത്രം മാറിവ്.
ഫലസ്തീനിലെ നയങ്ങൾക്കും നടപടികൾക്കും ഇസ്രഈലിനെതിരെ അന്താരാഷ്ട്ര കോടതിയിൽ ഫയൽ ചെയ്യുന്നതിനുള്ള കരട് തയ്യാറാക്കാൻ ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെറ്റ്നോ മർസുധി നേരത്തെ ഒരു സംഘത്തെ നിയോഗിച്ചിരുന്നു.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായ ആഗോള ക്രമത്തെയും ഫലസ്തീനികളെയും പിന്തുണക്കാൻ കേസ് സഹായിക്കുമെന്ന് റെറ്റ്നോ പറഞ്ഞു.
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ അന്താരാഷ്ട്ര നിയമജ്ഞന്മാരുടെയും അക്കാദമിക വിദഗ്ധരുടെയും യോഗം വിളിച്ചുചേർക്കുന്നതിന് മുന്നോടിയായിരുന്നു റെറ്റ്നോയുടെ പ്രസ്താവന.
കഴിഞ്ഞ വാരം ഇസ്രഈലിനെതിരെ വംശഹത്യ കുറ്റത്തിന് ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പബ്ലിക് ഹിയറിങ് നടന്നിരുന്നു.
ഡിസംബർ 29നായിരുന്നു ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരെ കേസ് നൽകിയത്. കഴിഞ്ഞ ദിവസം മേക്സിക്കോയും chiliയും ഗസയിൽ ആക്രമണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും കേസ് ഫയൽ ചെയ്തിരുന്നു.
അതേസമയം അന്താരാഷ്ട്ര കോടതിക്ക് തങ്ങളെ തടയാനാകില്ലെന്ന് ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തങ്ങളുടെ ലക്ഷ്യങ്ങൾ മുഴുവൻ നേടിയെടുക്കുന്നത് വരെ യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHT: Indonesia files lawsuit against Israel at ICJ