ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ ലോംബോക്ക് ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ലോംബോക്കിനു സമീപത്തെ ദ്വീപുകളില്‍നിന്ന് 1200ലേറെ വിനോദസഞ്ചാരികളെ അടിയന്തിരമായി ഒഴിപ്പിക്കുകയാണ്.
ഇവരില്‍ ഭൂരിഭാഗവും വിദേശ വിനോദസഞ്ചാരികളാണ്. ലോംബോക്കിനു വടക്കുപടിഞ്ഞാറായുള്ള ഗിലി ദ്വീപു സമൂഹങ്ങളില്‍നിന്നാണ് ടൂറിസ്റ്റുകളെ ഒഴിപ്പിക്കുന്നത്. ബാലിയിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളെത്തിയിരുന്നു.
Read: കശ്മീര്‍ ജനതയ്ക്ക് പ്രത്യേക അവകാശങ്ങള്‍; സുപ്രീംകോടതി വാദം കേള്‍ക്കല്‍ മാറ്റി
ഒട്ടേറെ വിനോദസഞ്ചാരികളും പ്രദേശവാസികളും ബോട്ടുകള്‍ കാത്തു കടല്‍ത്തീരത്ത് നില്‍ക്കുന്ന ഫോട്ടോകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നാവികസേനയുടെ കപ്പലുകള്‍ ദ്വീപില്‍ സഹായമെത്തിക്കുന്നുണ്ട്.
എല്ലാവരെയും ഒറ്റ ഘട്ടമായി ഒഴിപ്പിക്കാനാവില്ലെന്നും നേവിയുടെ രണ്ടു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് മേഖലയില്‍ സൂനാമി മുന്നറിയിപ്പും നല്‍കിയിരുന്നു.
ഇന്ന് രാവിലെ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ പ്രകമ്പനങ്ങളിലുമാണ് വന്‍ നാശനഷ്ടം രേഖപ്പെടുത്തിയത്. ആയിരത്തോളം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ലോംബോക്കിനു വടക്കും കിഴക്കും ഭാഗങ്ങളില്‍ താമസിച്ചിരുന്നവരാണ് മരിച്ചവരിലേറെയും.
ഒട്ടേറെ പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. ബാലി വിമാനത്താവളത്തിലെ ടെര്‍മിനലിനു ചെറിയ കേടുപാടുകളുണ്ടെങ്കിലും റണ്‍വേ പ്രവര്‍ത്തനക്ഷമമായതിനാല്‍ വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്. ലോംബോക്കില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഭൂചലനമാണിത്. ആദ്യത്തേതില്‍ 17 പേരാണ് മരിച്ചത്.