ജക്കാര്‍ത്ത: കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് കുറയ്ക്കുന്നതിനായി ഇന്തോനേഷ്യയില്‍ മാലിന്യ അടിയന്തിരാവസ്ഥ. ബാലിയിലെ പ്രധാനബീച്ചുകളായ ജിംബാരന്‍, കുട, സെമിയാക് തുടങ്ങിയവയിലടക്കം 2025ഓടെ രാജ്യത്തെ സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് 70 ശതമാനത്തോളം കുറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സമുദ്രതീരങ്ങളുടെ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ മാലിന്യം നീക്കംചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ “മാലിന്യ അടിയന്തരാവസ്ഥ” (ഗാര്‍ബേജ് എമര്‍ജന്‍സി) പദ്ധതിക്ക് രൂപം നല്‍കിയത്.
സണ്‍ബാത്തിനും സര്‍ഫിങ്ങിനുമായി നിരവധിയാളുകള്‍ എത്തുന്നതാണ് ബാലിയിലെ കുട ബീച്ച്. എന്നാല്‍ സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ബീച്ചിനെ മലിനാമാക്കുന്നതോടൊപ്പം മനോഹാരിതയും ഇല്ലാതാക്കുന്നു. സമുദ്രമാലിന്യം ദ്വീപില്‍ വര്‍ഷങ്ങളായി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
ജലപാതകള്‍ അടയുന്നതിനും വെള്ളപ്പൊക്ക സാധ്യതകള്‍ വര്‍ധിക്കുന്നതിനും കടല്‍ ജീവികള്‍ ചത്തുപൊങ്ങുന്നതിനും ഇതിടയാക്കി. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് “ഗാര്‍ബേജ് എമര്‍ജന്‍സി” ആവിഷ്‌കരിച്ചത്
സഞ്ചാരികളെക്കൂടി പദ്ധതി ആകര്‍ഷിക്കുന്നതിനായി സൂപ്പര്‍ഹീറോകളുടെ വേഷമണിഞ്ഞാണ് പ്രധാന ബീച്ചുകളില്‍ ജീവനക്കാര്‍ തീരം വൃത്തിയാക്കുന്നത്. 700 ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. 35 ട്രക്കുകളിലായി 100 ടണ്‍ മാലിന്യം പ്രതിദിനം നീക്കംചെയ്യുന്നു.
പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാനും റീസൈക്ലിങ് യൂണിറ്റുകള്‍ ശക്തിപ്പെടുത്താനും ബോധവത്കരണ പദ്ധതികള്‍ ആരംഭിക്കും. യു.എന്‍ എന്‍വയോണ്‍മെന്റിന്റെ സമുദ്രമാലിന്യ നിര്‍മാര്‍ജന യജ്ഞത്തില്‍ ഉള്‍പ്പെട്ട 40 രാഷ്ട്രങ്ങളിലൊന്നാണ് ഇന്തോനേഷ്യ. ദ്വീപിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പ്രദേശവാസികളും സഞ്ചാരികളും ഒരുപോലെ ഉത്തരാവാദികളാണെന്നാണ് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.