ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 13 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇസ്‌ലാമിക് സ്‌കൂള്‍ അധ്യാപകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഹെരി വിരാവന്‍ (Herry Wirawan) എന്ന 36കാരനെയാണ് ചൊവ്വാഴ്ച ഇന്തോനേഷ്യന്‍ കോടതി ശിക്ഷിച്ചത്.
പടിഞ്ഞാറന്‍ ജാവയിലെ ബാന്‍ഡങ് (Bandung) നഗരത്തിലുള്ള കോടതിയാണ് ശിക്ഷ വിധിച്ചത്.
”വിരാവന്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കപ്പെട്ടു. മനപൂര്‍വമാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിരിക്കുന്നത്. ഇരയാക്കപ്പെട്ട കുട്ടികളെ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി തെളിയിക്കപ്പെട്ടു,” ജഡ്ജി
യൊഹാനെസ് പര്‍നൊമൊ സുര്യൊ ആദി (Yohannes Purnomo Suryo Adi) പറഞ്ഞു.
വിധിക്കെതിരെ അപ്പീല്‍ പോകണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഹെരിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അയാളുടെ അഭിഭാഷകന്‍ ഇറ മാംബോ പ്രതികരിച്ചു.
2016നും 2021നുമിടയിലുള്ള വര്‍ഷങ്ങളില്‍ 12നും 16നുമിടയില്‍ പ്രായമുള്ള 13 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു, എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഇതില്‍ പലരും പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണികളായതായും കേസില്‍ പറയുന്നു.
പ്രതിക്ക് വധശിക്ഷയോ കെമിക്കല്‍ കാസ്‌ട്രേഷനോ ശിക്ഷയായി വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്.
മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ മതപരമായ നിരവധി ബോര്‍ഡിംഗ് സ്‌കൂളുകളാണുള്ളത്. ഇതില്‍ ഒരു ഇസ്‌ലാമിക് ബോര്‍ഡിംഗ് സ്‌കൂളിന്റെ സ്ഥാപകന്‍ കൂടിയാണ് ഹെരി വിരാവന്‍.
പീഡനക്കേസ് പുറത്തുവന്നതോടെ ഇത്തരം മതപഠന സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയേണ്ടതിനെക്കുറിച്ച് രാജ്യവ്യാപകമായി ചര്‍ച്ച നടന്നിരുന്നു.
Content Highlight: Indonesia court jails Islamic school teacher for life for raping students