വിവാഹേതര ലൈംഗിക ബന്ധവും, പ്രസിഡന്റിനെ വിമര്‍ശിക്കുന്നതുമടക്കം ക്രിമിനല്‍ കുറ്റമാക്കി ഇന്തോനേഷ്യ
World News
വിവാഹേതര ലൈംഗിക ബന്ധവും, പ്രസിഡന്റിനെ വിമര്‍ശിക്കുന്നതുമടക്കം ക്രിമിനല്‍ കുറ്റമാക്കി ഇന്തോനേഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th December 2022, 7:02 pm

ജക്കാര്‍ത്ത: വിവാഹേതര ലൈംഗിക ബന്ധം നിരോധിക്കുന്ന പുതിയ ക്രിമിനല്‍ കോഡിന് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. പുതിയ നിയമപ്രകാരം പ്രസിഡന്റിനെ വിമര്‍ശിക്കുന്നതടക്കമുള്ളവയും കുറ്റകൃത്യമായി പരിഗണിക്കും.

ഭര്‍ത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധം നിരോധിക്കുകയും വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന വിദേശികള്‍ക്കും നിയമം ബാധകമാണ്.

ഏകപക്ഷീയമായാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്. 600ലധികം അനുഛേദങ്ങളുള്ള പുതിയ ക്രിമിനല്‍ കോഡിന് പാര്‍ലമെന്റ് ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ നിയമ ഭേദഗതിയില്‍ ചരിത്രപരമായ തീരുമാനമെടുത്തെന്നും കൊളോണിയല്‍ ക്രിമിനല്‍ കോഡ് ഉപേക്ഷിക്കാന്‍ സമയമായെന്നും ഇന്തോനേഷ്യ നിയമമന്ത്രി യാസോന ലാവോലി പാര്‍ലമെന്റില്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഈ നിയമം വ്യക്തി സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും നിയന്ത്രണമേര്‍പ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

2019ല്‍ നടപ്പാക്കാന്‍ ശ്രമിച്ച് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ച ബില്ലാണ് വീണ്ടും പാസാക്കിയത്. പതിനായിരക്കണക്കിന് ആളുകളാണ് അന്ന് ബില്ലിനെതിരെ തെരുവിലിറങ്ങിയത്.

വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭര്‍ത്താവില്‍ നിന്നോ ഭാര്യയില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. കോടതിയില്‍ വിചാരണ ആരംഭിക്കും മുമ്പേ പരാതികള്‍ പിന്‍വലിക്കാമെന്നും പറയുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗം എന്നിവരോട് വിവേചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ നിയമം വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള ഇന്തോനേഷ്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക വ്യാവസായിക രംഗത്തുള്ളവര്‍ പ്രകടിപ്പിക്കുന്നുണ്ട്.

‘ആധുനിക മുസ്‌ലിം ജനാധിപത്യമായി സ്വയം ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തിന് ഇത് വലിയ തിരിച്ചടിയാകും,’ എന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യാ ഡയറക്ടര്‍ എലൈന്‍ പിയോഴ്‌സന്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Indonesia bans sex outside marriage in new criminal code