| Saturday, 7th March 2015, 4:49 pm

വ്യക്തിഗത കുറ്റവും ആള്‍ക്കൂട്ട ആക്രമണങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരുഷാധിപത്യം, ജാതീയത, മതകീയത, വംശീയത, ദേശീയ സങ്കുചിതത്വം, കുടുംബപരത എന്നിങ്ങനെ നിരവധിഘടകങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നാണ് നിരീക്ഷിക്കാനാവുന്നത്. ഇതില്‍ തന്നെ ജാതീയതയും മതകീയതയും ഇത്തരം വിഷയങ്ങളില്‍ നിര്‍ണായക ഘടകങ്ങളായാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിസംശയം പറയാം.


പലപ്പോഴും ഭൂരിപക്ഷ ഇച്ഛയെയാണത്രേ ജനാധിപത്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ജാത്യാധിഷ്ഠിത-വംശീയ-ദേശീയ സമവായങ്ങള്‍ പ്രബലമായിരിക്കുന്ന ഒരു രാജ്യത്ത് ഈ നിര്‍വ്വചനം ജനാധിപത്യത്തിന്റെ സ്പിരിറ്റിനെ ഒട്ടും പ്രതിഫലിപ്പിക്കുന്നില്ല എന്നു മാത്രമല്ല ഫാസിസ്റ്റ് പ്രവണതയെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നുവെച്ചാല്‍ ഇതേ നിര്‍വ്വചനം ഫാസിസത്തിനും ചേരും എന്നതാണ് സത്യം.

ഇക്കഴിഞ്ഞ കാലത്ത് നമ്മള്‍ സാക്ഷ്യം വഹിച്ച പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇത് ബോധ്യപ്പെടുന്നതാണ്. സദാചാര പോലീസിങ് തന്നെ ഇത്തരത്തില്‍ പ്രബലബോധം ന്യൂന/ബഹുത്വ ബോധങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സദാചാരമാണല്ലോ. അഥവാ മിലിറ്റന്റ് ദേശീയതയുടെ ഭാഗം തന്നെയാണ് വാസ്തവത്തില്‍ ഇത്തരത്തിലുള്ള സദാചാര പോലീസിങ്ങും. അതിനെ വിവിധ ഘടകങ്ങള്‍ നിര്‍ണയിക്കുന്നുണ്ട്. അതുകൊണ്ട് കേവലം പുരുഷാധിപത്യ സമൂഹത്തിന്റെ സവിശേഷതകളുടെ കൃത്യതകൊണ്ട് ഇന്ത്യയില്‍ നടക്കുന്ന സദാചാരപോലീസിങ്ങിനെയെങ്കിലും അളക്കാനാവില്ല എന്ന് തോന്നുന്നു.

പുരുഷാധിപത്യം, ജാതീയത, മതകീയത, വംശീയത, ദേശീയ സങ്കുചിതത്വം, കുടുംബപരത എന്നിങ്ങനെ നിരവധിഘടകങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നാണ് നിരീക്ഷിക്കാനാവുന്നത്. ഇതില്‍ തന്നെ ജാതീയതയും മതകീയതയും ഇത്തരം വിഷയങ്ങളില്‍ നിര്‍ണായക ഘടകങ്ങളായാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിസംശയം പറയാം.

സദാചാരത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഇന്ത്യയില്‍ ഇത് പുതിയ സംഭവമല്ല. മറ്റ് ഇസ്‌ലാമിക/ശരീഅത്ത് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്ന രാജ്യങ്ങളെ “അപരിഷ്‌കൃതമെന്ന്” അപലപിക്കുന്ന “ആധുനിക” ഇന്ത്യയില്‍ തന്നെ പലപ്പോഴും അവയേക്കാള്‍ ഭീകരമായ വിധത്തില്‍ ജനാധിപത്യ ധ്വംസനങ്ങള്‍ നടത്തുന്നുണ്ട് എന്നത് സൗകര്യപൂര്‍വ്വം നമ്മള്‍ മറക്കുന്ന വസ്തുതയാണ്.

ഉത്തരേന്ത്യയില്‍ തന്നെ നിരവധി തവണ ഇത്തരത്തില്‍ പൊതുബോധം ആക്രണം കാലാകാലങ്ങളില്‍ അഴിച്ചുവിട്ടിട്ടുണ്ട്. ജാതീയമായ അടിച്ചമര്‍ത്തലുകളായാണ് ഇത് പലപ്പോഴും ദൃശ്യമായിട്ടുള്ളത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഖൈര്‍ലാഞ്ചിയില്‍ മേല്‍ജാതി ഹിന്ദുക്കള്‍ ദളിത് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും അതി നിഷ്ഠൂരമാം വിധം വകവരുത്തിയത്. കുടുംബത്തിലെ സ്ത്രീകളെ നഗ്നരായി പൊതുമധ്യത്തില്‍ നടത്തിച്ച ശേഷമായിരുന്നു മര്‍ദ്ദിച്ചും ബലാത്സംഗം ചെയ്തും കൊന്നത്. 2006 ല്‍ നടന്ന ഈ കൂട്ടക്കുരുതി അന്ന് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായതുപോലുമില്ല.


കുടിയേറ്റക്കാരനായ ഒരുവന്‍ തങ്ങളുടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിലുണ്ടായ ആത്മരോഷത്തിന്റെ വൈകൃതഭാവമാണ് ഈ സംഭവത്തില്‍ വ്യക്തമായും തെളിഞ്ഞു നില്‍ക്കുന്നത്. കുടിയേറ്റത്തിനെതകിരെ നാഗ സ്റ്റുഡന്റ് ഫെഡറേഷന്‍ (എന്‍.എസ്.എഎഫ്), നാഗാ കൗണ്‍സില്‍ എന്നങ്ങനെയുള്ള ദേശീയവാദ സംഘടനകള്‍ കഴിഞ്ഞ കാലങ്ങളില്‍ ശക്തമായ പ്രക്ഷോഭം തന്നെ നടത്തിവരുന്നുണ്ട്. ഇപ്പോള്‍ നടന്ന ആക്രമണത്തിലും ഇവരുടെ സാനിദ്ധ്യം നമുക്ക് കാണാം


എന്താണ് ഇത്തരം ബോധപൂര്‍വ്വമായ മറവികള്‍ക്കും നിശബ്ദതകള്‍ക്കും കാരണം? തീര്‍ച്ചയായും ഇത്തരം ആക്രമണങ്ങള്‍ സമൂഹത്തിലെ കീഴ്ത്തട്ട് ജനവിഭാഗങ്ങള്‍ക്കെതിരായാണ് പ്രയോഗിക്കപ്പെട്ടത് എന്നതുകൊണ്ട് തന്നെയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ഇന്നലെ നാഗാലാന്റില്‍ നടന്ന അതിക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തെയും കൊലപാതകത്തെയും മനസിലാക്കാന്‍.

20 വയസ്സുകാരിയായ ഒരു നാഗ പെണ്‍കുട്ടിയ ബലാത്സംഗംചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന 34കാരനെ ഒരു വന്‍ജനാവലി ജയില്‍ തകര്‍ത്ത് പുറത്തുകൊണ്ടുവരുന്നു. പൊതു നിരത്തിലിട്ട് കെട്ടിവലിച്ചും തല്ലിയും പതംവരുത്തിയും ഗുഹ്യഭാഗങ്ങളില്‍ മരം കയറ്റിയും സിറിയയിലെ ഇസിസ് കൊലപാതകത്തെപൊലും വെല്ലുന്ന വിധം കൊന്ന് കൊലവിളിനടത്തുന്നു. ഇതൊക്കെ ഫോട്ടൊ എടുക്കുന്നു. സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ അഭിമാനപുരസരം പോസ്റ്റുന്നു, ഷെയര്‍ ചെയ്യുന്നു.

ആക്രിക്കച്ചവടം ചെയ്യുന്ന സെയ്ദ് ഫരീദ് ഖാന്‍ എന്ന ചെറുപ്പക്കാരനെ ഇത്തരത്തില്‍ കൊന്ന് ആത്മസാഫല്യമടയാന്‍ ഒരു വന്‍ ജനാവലിയെ പ്രേരിപ്പിച്ച ഘടകമെന്താണ്? എന്തായാലും അത് ബലാത്സംഗത്തിനെതിരെയുള്ള ആത്മരോഷം മാത്രമല്ല എന്നത് അവിടെ കൂടിയ പുരുഷ കേസരികളുടൈ എണ്ണം വ്യക്തമാക്കുന്നു.

ഇതിനോടകം തന്നെ ഈ കൊലപാതകത്തിലെ വംശീയ/ദേശീയ ഘടകങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു വന്നിട്ടുണ്ട്. ഈ കൊലപാതകത്തില്‍ ഫരീദ് ഖാന്റെ ബലാത്സംഗ കുറ്റകൃത്യത്തെക്കാള്‍ മുഴച്ചു നില്‍ക്കുന്നത് അയാള്‍ ഒരു അസ്സം കുടിയേറ്റക്കാരനാണ് എന്ന കാര്യമാണ്. കുടിയേറ്റക്കാരനായ ഒരുവന്‍ തങ്ങളുടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിലുണ്ടായ ആത്മരോഷത്തിന്റെ വൈകൃതഭാവമാണ് ഈ സംഭവത്തില്‍ വ്യക്തമായും തെളിഞ്ഞു നില്‍ക്കുന്നത്.

ഇക്കഴിഞ്ഞകാലത്തെ നാഗ ചരിത്രത്തില്‍ തന്നെ ശത്രുതാപരമായ ഒരു വൈരുദ്ധ്യം കുടിയേറ്റക്കാരുമായി നിലനില്‍ക്കുന്നുണ്ട്. അസ്സം, മണിപ്പൂര്‍, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ശക്തമാണെന്നാണ് നാഗക്കാര്‍ പറയുന്നത്. കുടിയേറ്റക്കാരുമായുള്ള സാമ്പത്തിക മത്സരങ്ങള്‍ നാഗ ജനതയെ തകര്‍ത്തു എന്നാണ് അവര്‍ ആരോപിക്കുന്നത്. കുടിയേറ്റം ശക്തമായി നില്‍ക്കുന്ന പ്രദേശമാണ് വ്യാവസായിക നഗരികൂടിയായ ദിമാപൂര്‍ എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമില്ല.

അസ്സം കുടിയേറ്റക്കാരെയും നാഗക്കാര്‍ കാണുന്നത് ബംഗ്ലാദേശി കുടിയേറ്റക്കാരായാണ്, “വിദേശി”കളായാണ്. കുടിയേറ്റത്തിന്റെ ഇറക്കുമതിക്കാര്‍ (Importers of immegrants) എന്നാണ് നാഗ മുഖ്യമന്ത്രി, ഈ അടുത്തിടെ അസ്സമിനെ വിശേഷിപ്പിച്ചതു തന്നെ. ഇത്തരം കുടിയേറ്റത്തിനെതകിരെ നാഗ സ്റ്റുഡന്റ് ഫെഡറേഷന്‍ (എന്‍.എസ്.എഎഫ്), നാഗാ കൗണ്‍സില്‍ എന്നങ്ങനെയുള്ള ദേശീയവാദ സംഘടനകള്‍ കഴിഞ്ഞ കാലങ്ങളില്‍ ശക്തമായ പ്രക്ഷോഭം തന്നെ നടത്തിവരുന്നുണ്ട്. ഇപ്പോള്‍ നടന്ന ആക്രമണത്തിലും ഇവരുടെ സാനിദ്ധ്യം നമുക്ക് കാണാം.


കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തിയെ പ്രതിസ്ഥാനത്താക്കിയിട്ടെന്തുകാര്യം. ഒരു വ്യക്തിയെ നന്നാക്കി കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനാവുമെന്ന സിദ്ധാന്തം വ്യവസ്ഥയെ പരിശോധിക്കുന്നതില്‍ ഊന്നല്‍ നല്‍കുന്നുമില്ല. ഇത്തരത്തില്‍ അന്തര്‍ ദേശീയമായി തലത്തില്‍ തന്നെ പുതിയ ശിക്ഷാ സിദ്ധാന്തങ്ങള്‍ ഉടലെടുക്കുമ്പോഴാണ് അതീവ പഴഞ്ചനായ “ഡിറ്ററന്റ് സിദ്ധാന്തം” (പ്രതികാര സിദ്ധാന്തം) ആള്‍ക്കൂട്ടങ്ങള്‍ നടപ്പിലാക്കുന്നത്.


എത്രമാത്രം കുടിയേറ്റക്കാര്‍ ഉണ്ട് എന്ന് കണക്കുകൂട്ടാന്‍ എന്‍.എസ്.എഫ് അടുത്ത കാലത്തായി സെന്‍സസ് തന്നെ എടുത്തിരുന്നു. അന്ന് അതിന്റെ പ്രസിഡന്റ് കെല്‍ഹൗനീസോ യോമി ഒരു ഓണ്‍ലൈന്‍ പത്രത്തിനോട് പറഞ്ഞ വാക്കുകള്‍ ഇന്നലെ നടന്ന സംഭവവുമായി കൂട്ടിവായിക്കേണ്ട ഒന്നാണ്. യോമിയുടെ വാക്കുകള്‍ ഇതായിരുന്നു;

“ഞങ്ങളുടെ സംഘടന നാഗാലാന്റില്‍ സെന്‍സസ് നടത്തുകയാണ്. അത് കഴിഞ്ഞാല്‍ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ ശരിയായ സമരം തുടങ്ങണം. യഥാര്‍ത്ഥ ഇന്ത്യക്കാരുടെ വികാരങ്ങള്‍ മുറിവേല്‍ക്കാതിരിക്കാന്‍ ഞങ്ങള്‍ അതീവ ശ്രദ്ധാലുക്കളാണ്.”

“ബംഗ്ലാദേശീ കുടിയേറ്റക്കാരെ സാമൂഹ്യമായും സാമ്പത്തികമായും ഞങ്ങള്‍ ഒറ്റപ്പെടുത്തും. എന്റെ താമസസ്ഥലത്തുള്ളതും ബിസിനസ് സ്ഥലത്തുള്ളതുമായ. ഒരു ഇടവും അവര്‍ക്ക് ഒരിക്കലും നല്‍കില്ല. മറിച്ച് നമ്മുടെ ഒപ്പമുള്ള നാഗക്കാരെയും ഇന്ത്യാക്കാരെയും സഹായിക്കും.”

“ഞാന്‍ സത്യത്തിനു വേണ്ടി നിലകൊള്ളും. വിദേശ മതത്തിന്റെ കടന്നുകയറ്റം മൂലം നാഗകളുടെ ക്രിസ്ത്യന്‍ സ്വഭാവം തന്നെ നശിച്ചുകൊണ്ടിരിക്കുന്നു. അതാണ് സത്യം. വിദേശ സംസ്‌കാരത്തിന്റെ ഓളപ്പാച്ചിലില്‍ നാഗ സംസ്‌കാരം മണ്‍മറയുകയാണ്. നാഗക്കാര്‍ക്ക് സ്വയം നില്‍ക്കാന്‍ കഴിയും. അതിജീവനത്തിന് വിദേശികളെ ആശ്രയിക്കേണ്ട കാര്യമില്ല.”

ബംഗ്ലാദേശി കുടിയേറ്റവും കുടിയേറ്റക്കാരുടെ മതവും “വിദേശ സംസ്‌കാരവും” യോമിയുടെ വാക്കുകളില്‍ ശ്രദ്ധിക്കേണ്ട പദപ്രയോഗങ്ങളാണ്. കൊല്ലപ്പെട്ട ആള്‍ ഒരു അസ്സം മുസ്‌ലീം ചെറുപ്പക്കാരനും.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യപ്പെട്ട് വരികയാണ് ഫരിദ് ഖാന്‍. എന്നാല്‍ അയാള്‍ നടത്തിയ കുറ്റകൃത്യത്തിന് തങ്ങളുടെ ആഗ്രഹത്തെ, അഥവാ തങ്ങളുടെ ഭൂരിപക്ഷ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന ഇന്‍സ്റ്റന്റ് ശിക്ഷയും തങ്ങള്‍ക്ക് ഇന്‍സ്റ്റന്റ് നീതിയും നടപ്പാക്കുകയാണ് ഈ നാഗ ജനക്കൂട്ടം ദിമാപൂരില്‍ ചെയ്തത്‌. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഭൂരിപക്ഷ പൊതുബോധം നടപ്പിലാക്കുമ്പോള്‍ നമ്മുടെ നിയമ സംവിധാനവും ഇളവു നല്‍കുകയോ നോക്കുകുത്തിയാവുകയോ ചെയ്യുന്നു. കാരണം ഭരണകൂട സംവിധാനങ്ങളെയും ഭരിക്കുന്ന ബോധം ഇതേ പ്രബല ബോധം തന്നെ. പിന്നെ “അവനെ” തെരുവിലിട്ട് കൊന്നാലെന്ത്?

ഇത്തരത്തില്‍ “പുറത്തു നിന്നുള്ള”വരെ പുറത്താക്കാന്‍ നടത്തുന്ന കുറ്റകൃത്യങ്ങളാണ് ഇന്ത്യയിലുടനീളം ഇപ്പോള്‍ നടന്നുവരുന്നത്. അതിന് പൊതു സമ്മതിയും പൊതു പങ്കാളിത്തവും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഏതുവിധ അക്രമങ്ങള്‍ക്കും തങ്ങള്‍ തയ്യാറാണെന്നാണ് ഈ ജനക്കൂട്ടം നമുക്ക് മുന്നില്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്.

ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ അതിന് ശിക്ഷ നല്‍കുന്നത് എന്തിനു വേണ്ടി എന്നതുതന്നെ പുനപരിശോധനകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രബലമായ റോഫോമേറ്ററി തീയറിപോലും പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. കുറ്റകൃത്യം പോലും നിര്‍വ്വചിക്കാനാവാത്തവിധം സങ്കീര്‍ണമാണ്. കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തിയെ പ്രതിസ്ഥാനത്താക്കിയിട്ടെന്തുകാര്യം. ഒരു വ്യക്തിയെ നന്നാക്കി കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനാവുമെന്ന സിദ്ധാന്തം വ്യവസ്ഥയെ പരിശോധിക്കുന്നതില്‍ ഊന്നല്‍ നല്‍കുന്നുമില്ല. ഇത്തരത്തില്‍ അന്തര്‍ ദേശീയമായി തലത്തില്‍ തന്നെ പുതിയ ശിക്ഷാ സിദ്ധാന്തങ്ങള്‍ ഉടലെടുക്കുമ്പോഴാണ് അതീവ പഴഞ്ചനായ “ഡിറ്ററന്റ് സിദ്ധാന്തം” (പ്രതികാര സിദ്ധാന്തം) ആള്‍ക്കൂട്ടങ്ങള്‍ നടപ്പിലാക്കുന്നത്.

ഇത്തരത്തില്‍ പൊതുബോധ ആള്‍ക്കൂട്ടങ്ങള്‍ സ്വയം നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ എരിഞ്ഞടങ്ങേണ്ടിവരുന്നത് എതിര്‍ശബ്ദങ്ങളാണ്. ബലാത്സംഗം ചെയ്യുന്നയാളേക്കാള്‍ ഭയക്കേണ്ടത്  ഈ ആള്‍ക്കൂട്ടത്തെയാണ്. കാരണം ഈ ആള്‍ക്കൂട്ടമാണ് ഫാസിസത്തിന്റെ നടത്തിപ്പുകാര്‍.

നിലവില്‍ നിലനില്‍ക്കുന്ന നീതിയുടെ ചെറു കിരണങ്ങള്‍ പോലും അപ്രത്യക്ഷമാകും ഇത്തരം ഇന്‍സ്റ്റന്റ് ശിക്ഷാ വിധികളില്‍. ഏതൊരു കൊടും കുറ്റവാളിക്കും നല്‍കേണ്ട ജനാധിപത്യപരമായ അവകാശങ്ങള്‍ അപ്പാടെ നിരാകരിക്കപ്പെടും. കുറ്റം തെളിയിക്കാനും കുറ്റവാളി പറയുന്നത് കേള്‍ക്കാനും അയാള്‍ക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനും ന്യായവാദങ്ങള്‍ നിരത്താനുമുള്ള അവസരം നഷ്ടപ്പെടും. ആള്‍ക്കൂട്ടങ്ങള്‍ നിയമം സ്വയം കയ്യിലെടുക്കുമ്പോള്‍ നിലവിലെ പരിമിത നീതിയെ തന്നെ തന്നെ അത് അട്ടിമറിക്കും എന്നതില്‍ തര്‍ക്കമില്ല. അവയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കേണ്ട സമരങ്ങളെ പിന്നോട്ടടിപ്പിക്കുകയും ചെയ്യും.

We use cookies to give you the best possible experience. Learn more