| Tuesday, 25th June 2024, 5:37 pm

ഭാരതീയ ന്യായ് സംഹിത നിലവില്‍ വന്നാല്‍ അത് നിയമ നീതിന്യായ വ്യവസ്ഥയെ തകര്‍ക്കും: ഇന്ദിര ജയ്‌സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ ആശങ്കരേഖപ്പെടുത്തി മുതിര്‍ന്ന അഭിഭാഷകയും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ ഇന്ദിര ജയ്‌സിങ്.

നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ നിയമപരവും നീതിന്യായപരവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും നിയമങ്ങള്‍ തിടുക്കത്തില്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദിര ജയ്‌സിങ് പറഞ്ഞു.

മൂന്ന് ക്രിമിനല്‍ നിയമങ്ങളും കൂടുതല്‍ ചര്‍ച്ച ചെയ്യുകയും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നതുവരെ താത്ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ജയ്‌സിങ് നിയമമന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും വിഷയത്തില്‍ ഇടപെടാനും ഇന്ദിര ജയ്‌സിങ് അഭ്യര്‍ത്ഥിച്ചിരുന്നു.

പഴയ നിയമങ്ങളും പുതിയ ക്രിമിനല്‍ നിയമങ്ങളും ഒരേ സമയത്ത് സമാന്തരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ഒരു കേസില്‍ ഏത് നടപടി ക്രമങ്ങള്‍ ബാധകമാകും എന്നതിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇത് കേസുകളുടെ തീര്‍പ്പുകല്‍പ്പിക്കല്‍ അനന്തമായി നീണ്ടുപോകുന്നിലേക്ക് നയിക്കുമെന്നും ഇന്ദിര ജയ്‌സിങ് പറഞ്ഞു.

‘പുതിയ ക്രിമിനല്‍ നിയമപ്രകാരം രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെന്ന് പറയുമ്പോഴും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 152 ഐ.പി.സി 124 എയേക്കാള്‍ ക്രൂരമാണെന്നും അവര്‍ പറഞ്ഞു. മാത്രമല്ല നിലവിലുള്ള യു.എ.പി.എയ്ക്ക് സമാനമായ വകുപ്പുകള്‍ ഭാരതീയ ന്യായ സംഹിതപ്രകാരം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അതുപോലെ തന്നെ ക്രിമിനല്‍ നടപടി ച്ചട്ടം 73 ല്‍ ഭേദഗതി ചെയ്തതുമാണ്.
ക്രിമിനല്‍ പ്രൊസീജര്‍ കോഡ് എന്നിവയുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും ആളുകള്‍ക്ക് ബോധ്യമുണ്ട്.

എന്നാല്‍ പുതിയ നിയമം ആ ആധികാരികതയും വിശ്വാസവും കൈവരിക്കാന്‍ ഇനിയും ഒരു 50 വര്‍ഷം എടുത്തേക്കാം. നിയമത്തിലെ ഒരു പ്രത്യേക വ്യവസ്ഥയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഒരു തീരുമാനം എടുക്കുന്നതുവരെ ഒരു മജിസ്‌ട്രേറ്റിന് എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവില്ല. രാജ്യത്തെ നൂറുകണക്കിന് മജിസ്‌ട്രേറ്റുമാരില്‍ ഓരോ മജിസ്‌ട്രേറ്റിനും നിയമം വ്യത്യസ്തമായി വ്യാഖ്യാനിക്കാന്‍ കഴിയും.

കേസുകളില്‍ പഴയ നിയമം ബാധകമാണോ അതോ പുതിയ നടപടിക്രമവും നിയമവുമാണോ ബാധകമാവുക എന്നതിനെ ചൊല്ലി നിയമപരമായ തര്‍ക്കങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ഈ അവസരത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ ആയിരിക്കും. പ്രതികളുടെ കസ്റ്റഡി ദൈര്‍ഘ്യവും നീണ്ടുപോകാന്‍ സാധ്യതയുണ്ട്,’ ജയ്‌സിങ് പറഞ്ഞു.

ഇന്ദിരാ ജയ്‌സിങ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍, നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡിന്റെ കണക്കുപ്രകാരം രാജ്യത്ത് ലക്ഷക്കണക്കിന് ക്രിമിനല്‍ കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം ഇനിയും കൂടുമെന്നും അത് നീതിയെന്ന പ്രതികളുടെ അവകാശത്തിന് തുരങ്കം വെക്കുന്നതായിരിക്കുമെന്നും ജയ്‌സിങ് അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

നിലവിലുള്ള നിയമത്തിന് കീഴില്‍ 30 വര്‍ഷത്തിലേറെയായി തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ ഉണ്ട്. എന്താണിതിന്റെ അര്‍ത്ഥം? വേഗത്തിലുള്ള നീതി ലഭിക്കാനുള്ള അവകാശം മൗലികാവകാശമാകുമ്പോഴും അത് പൗരന് നല്‍കുന്നതില്‍ സുപ്രീം കോടതി പരാജയപ്പെട്ടിരിക്കുന്നു.

ഈ രാജ്യത്ത് ആളുകള്‍ വിചാരണ നേരിടുന്നു. വര്‍ഷങ്ങളോളം വിചാരണ നേരിട്ടുകൊണ്ടേയിരിക്കും. അതിന്റെ ഉദാഹരണമാണ് സ്റ്റാന്‍ സ്വാമി. കോടതി വ്യവഹാരത്തിനിടെയാണ് അദ്ദേഹം മരണപ്പെടുന്നത്. അതായിരുന്നു ആ കേസിന്റെ അവസാനം. കുറ്റവാളിയല്ലെന്ന് തെളിയിക്കാന്‍ പോലും അദ്ദേഹത്തിനായില്ല.

രാജ്യദ്രോഹ നിയമം സ്റ്റേ ചെയ്തിട്ടുണ്ടോ എന്നതൊന്നും ഞങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് സര്‍ക്കാറിന് വേണമെങ്കില്‍ സുപ്രീം കോടതിയില്‍ പറയാം. അവര്‍ക്ക് അത് വീണ്ടും കൊണ്ടുവരാനും കഴിയും.

നിങ്ങള്‍ ഞങ്ങളെ ദേശവിരുദ്ധരെന്ന് കുറ്റപ്പെടുത്തുന്നു, പക്ഷേ ഇന്ത്യന്‍ പീനല്‍ കോഡില്‍ ദേശവിരുദ്ധരാണെന്ന കുറ്റമൊന്നും ആളുകള്‍ക്കുമേല്‍ ചുമത്താനാവില്ല. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എന്റെ മേല്‍ ചുമത്തുന്ന കുറ്റം എവിടെയാണ് ഉള്ളത്. പല പൊതുവായ ഭാഷകളും പ്രസ്താവനകളും വിധിന്യായത്തിലേക്ക് സാവധാനം ഇഴഞ്ഞുകയറുന്നു, പിന്നീടത് നിയമത്തിലേക്കും.

ഉദാഹരണത്തിന്, ഇന്ന് ചില ആളുകളെ, ബുദ്ധിജീവികളെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് വിളിക്കുന്നു. നിങ്ങള്‍ ഈ പറയുന്ന അര്‍ബന്‍ നക്‌സല്‍ എന്ന് വിളിക്കപ്പെടുന്ന ഈ കുറ്റകൃത്യം എവിടെയാണ് നിര്‍വചിച്ചിട്ടുള്ളത്.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത എന്നീ വാക്കുകള്‍ ഉപയോഗിച്ച് അവര്‍ യഥാര്‍ത്ഥത്തില്‍ ദേശവിരുദ്ധത എന്ന കുറ്റകൃത്യം നിയമത്തില്‍ അവതരിപ്പിച്ചതാണ്. പൊതുമണ്ഡലത്തില്‍ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ നോക്കിയാല്‍ ഇപ്പോള്‍ എല്ലാവരും ഒരു തരത്തില്‍ ദേശവിരുദ്ധരാകും.

നിങ്ങള്‍ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ എന്തെങ്കിലും പറയുകയാണെങ്കില്‍, അത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരാണെന്ന് അവര്‍ക്ക് പറയാനാകും. അതുകൊണ്ട് തന്നെ ഇത് വളരെ ഗുരുതരമായ കാര്യമാണ്, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്, വിയോജിക്കാനുള്ള നിങ്ങളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമാണ്.

ഒരു സാധാരണ കലാപത്തെ ഇപ്പോള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള ആക്രമണത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുന്നു. ആളുകള്‍ ഏര്‍പ്പെടുന്ന അക്രമത്തിന് ഒരു അളവ് ഉണ്ടാകും. ഉദാഹരണത്തിന്, ഞാന്‍ നിങ്ങളെ തള്ളിയിടുകയാണെങ്കില്‍, അത് ഒരു ആക്രമണമായി കണക്കാക്കപ്പെടുന്നു. ഇത് കുറ്റകൃത്യമാണ്, കാരണം അവിടെ അക്രമത്തിന്റെ ഒരു ഘടകമുണ്ട്. പക്ഷേ വളരെ എളുപ്പത്തില്‍ അതിനെ കലാപമായും നിയമവിരുദ്ധമായ കൂടിച്ചേരലായും തീവ്രവാദമായും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഒന്നായും വ്യഖ്യാനിക്കാനാകും. യു.എ.പി.എ പ്രകാരം എന്താണോ ചെയ്യുന്നത് ഭാരതീയ ന്യായ് സംഹിത പ്രകാരവും അവര്‍ക്കിത് ചെയ്യാനാകും, മുന്‍പുള്ളതിനേക്കാള്‍ ക്രൂരമായി.

ഇതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടുന്നതുവരെ ഈ നിയമങ്ങള്‍ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഞാന്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചത്. നിങ്ങള്‍ ആലോചിക്കണം, 175 ലധികം പാര്‍ലമെന്റ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തപ്പോഴാണ് ഈ നിയമം പാസാക്കിയത്. പാര്‌ലമെന്റില്‍ ഒരു ചര്‍ച്ചയും നടത്താതെ ഇത് പാസാക്കിയെടുത്തു. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ, അവിടെ അംഗീകാരം നേടിയെടുക്കാതെ എങ്ങനെയാണ് ഒരു നിയമം പ്രാബല്യത്തില്‍ വരിക, ഇന്ദിര ജയ്‌സിങ് ചോദിച്ചു.

Content Highlight: Indira jaising on Criminal Law and Bharatiya nyay sanhitha

We use cookies to give you the best possible experience. Learn more