ന്യൂദല്‍ഹി: ഭരണഘടനയുടെ ആമുഖം മാറ്റിയത് ഇന്ദിരാഗാന്ധിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം മാറ്റിയത് ബി.ജെ.പിയല്ലെന്നും ഇന്ദിരാഗാന്ധിയാണെന്നുമായിരുന്നു രാജ്നാഥ് സിങിന്റെ ആരോപണം. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.
1976-ല്‍ കോണ്‍ഗ്രസാണ് ഭരണഘടനയുടെ ആമുഖം മാറ്റിയതെന്നും അവര്‍ അനാവശ്യമായി ബി.ജെ.പിക്കെതിരെ ആരോപണമുന്നയിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
‘ഭരണഘടനയില്‍ ആവശ്യാനുസരണം ഭേദഗതികള്‍ വരുത്താമെന്ന സമവായത്തിലായിരുന്നു ഞങ്ങളുടെ ഭരണഘടനാ അസംബ്ലി. കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഇത് ഒരുപാട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആമുഖത്തില്‍ മാറ്റം വരുത്തുന്ന പ്രശ്നമില്ല. പക്ഷേ അവര്‍ അത് ചെയ്തു, എന്നിട്ട് ഇപ്പോള്‍ ഞങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്,’ രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഭരണഘടന കീറി വലിച്ചെറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്നും, എന്നാല്‍ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന് ഒ.ബി.സി, എസ്.ടി സംവരണം ആവശ്യമാണെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
‘കോണ്‍ഗ്രസ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ബി.ജെ.പി ജനങ്ങള്‍ക്കൊപ്പമാണ്. ഞങ്ങളെ കുറ്റപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ അജണ്ട. സ്വന്തം പ്രവര്‍ത്തികള്‍ മറച്ചുവെച്ച് ബി.ജെ.പിയുടെ പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്. എന്നാല്‍ ജനം ഇതിനെല്ലാം മറുപടി കൊടുക്കും. ബി.ജെ.പി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും,’ രാജ്‌നാഥ് സിങ് പറഞ്ഞു.
Content Highlight: Indira Gandhi First Changed The Preamble, BJP Would Never: Rajnath Singh To NDTV