| Saturday, 7th July 2012, 9:22 am

കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണം ഇന്ദിരാഗാന്ധി: കുല്‍ദീപ് നെയ്യാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ എതിര്‍പ്പ് മറികടന്നുള്ള ഇന്ദിരാ ഗാന്ധിയുടെ വാശിയാണ് രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാനുള്ള കാരണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നെയ്യാരുടെ വെളിപ്പെടുത്തല്‍

ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന നെയ്യാരുടെ ആത്മകഥയായ “ബിയോണ്‍ ദ് ലൈന്‍സ്” എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇ.എം.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത് അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായ ഇന്ദിരാഗാന്ധിയായിരുന്നെന്നാണ് നെയ്യാര്‍ വെളിപ്പെടുത്തുന്നത്.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ നീക്കങ്ങളെന്നും നെയ്യാര്‍ പറയുന്നു. അന്ന് ദല്‍ഹിയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷിയായിരുന്നു നെയ്യാര്‍.

കോണ്‍ഗ്രസുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണര്‍ ആക്കിയതിന് പിന്നിലുള്ള നീക്കങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ട്.
കോണ്‍ഗ്രസിന്റെ പിന്തുണയോടെയായിരുന്നു പട്ടം താണുപ്പിള്ള മുഖ്യമന്ത്രിയായത്.

അദ്ദേഹവുമായി കോണ്‍ഗ്രസിന് യോജിച്ച് പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ നെഹ്‌റുവിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തരമന്ത്രിയായിരുന്ന ശാസ്ത്രി കേരളത്തിലെത്തി. പട്ടം താണുപ്പിള്ളയെ പഞ്ചാബ് ഗവര്‍ണര്‍ ആക്കി ഒതുക്കി അന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാനായിരുന്നു നെഹ്‌റുവിന്റെ നിര്‍ദ്ദേശമെന്നും നെയ്യാര്‍ ബിയോണ്‍ ദ് ലൈന്‍സില്‍ പറയുന്നു. അടുത്തയാഴ്ചായാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more