| Wednesday, 8th November 2017, 9:45 am

വീണ്ടും വിവാദക്കുരുക്കില്‍; ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാരന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഒക്ടോബര്‍ 15 ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് വൈറലായത്.

യാത്രക്കാരനായ രാജീവ് കത്യാലിനെ ഇന്‍ഡിഗോ ജീവനക്കാരന്‍ അടിച്ച് താഴെയിടുകയും നിലത്ത് വീണ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്നതുമായിരുന്നു വീഡിയോയില്‍ ഉള്ളത്.

ചെന്നൈയില്‍ നിന്നും ദല്‍ഹിയിലെത്തിയ ഇയാള്‍ വിമാനയാത്രക്കാരെ കയറ്റാനുള്ള ബസ് എത്താന്‍ വൈകിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം.

വിമാനയാത്രക്കാരെ കയറ്റാനുള്ള ബസ് എത്താന്‍ വൈകിയത് ചോദ്യം ചെയ്ത തന്നെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ബസ്സില്‍ നിന്ന് വലിച്ചിറക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് രാജീവ് കത്യാല്‍ പറഞ്ഞു.

സംഭവം വിവാദമായതിന് പിന്നാലെ ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് യാത്രക്കാരനെ നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് എയര്‍ലൈന്‍ അന്വേഷണം നടത്തിയതായും കുറ്റം ചെയ്ത ജീവനക്കാരനെതിരെ നടപടി എടുത്തതായും ഘോഷ് പറഞ്ഞു.

കത്യാലും ഗ്രൗണ്ട് സറ്റാഫും തമ്മില്‍ ആദ്യം വലിയ വാക്കേറ്റം തടക്കുകയും പിന്നീട് അത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ബസില്‍ കയറാന്‍ തുടങ്ങുന്ന യാത്രക്കാരനെ ബലമായി പിടിച്ചുമാറ്റുന്നതും നിലത്തുവീണ ഇയാളെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇന്‍ഡിഗോ ജീവനക്കാരന്‍ വിമാനത്താവളത്തില്‍വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന് അത്‌ലറ്റ് പി. സിന്ധുവും കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more