[share]
[] കേരള സ്‌ട്രൈക്കേഴ്‌സ് അംഗങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ഇന്‍ഡിഗോ വിമാന കമ്പനി.
എന്നാല്‍ കേരളസ്‌ട്രൈക്കേഴ്‌സ് പരാതിയില്‍ ഉറച്ച് നിന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. കേരള സട്രൈക്കേഴ്‌സ് താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചെന്ന് വിമാനത്തിന്റെ പൈലറ്റും എയര്‍ഹോസ്റ്റസും നെടുമ്പാശേരി പൊലീസില്‍ മൊഴി നല്‍കി.
താരങ്ങള്‍ കൂകി വിളിക്കുകയും കയ്യടിക്കുകയും വിസലിടിക്കുകയും ചെയ്തുവെന്ന് എയര്‍ഹോസ്റ്റസ് മെല്‍ബ കെന്നി, അജയ് മിശ്ര എന്നിവരും പോലീസിന് മൊഴി നല്‍കി.
മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും മോശം പെരുമാറ്റം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് റണ്‍വെയില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനം നിലത്തിറക്കിയതെന്നും അവര്‍ പറഞ്ഞു.
വിമാനക്കമ്പനി നല്‍കിയ പരാതിയില്‍ സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കണമെന്ന് കാണിച്ച് പൊലീസ് കേരള സ്‌ട്രൈക്കേഴ്‌സിന് നോട്ടീസും നല്‍കിയിരുന്നു.
കഴിഞ്ഞ മാസം 21ന് ഹൈദരാബാദില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിനായി പുറപ്പെട്ട താരങ്ങളെ എയര്‍ഹോസ്റ്റസിനെ കളിയാക്കിയെന്നാരോപിച്ചാണ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്.
വിമാനത്തിനുള്ളില്‍ പാലിക്കേണ്ട അച്ചടക്കം പാലിച്ചില്ലെന്നുമാരോപിച്ചാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് താരങ്ങളെ ഇറക്കിവിട്ടത്.