| Wednesday, 17th August 2016, 4:55 pm

തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. തിരുവനന്തപുരത്ത് നിന്നും മുംബൈ വഴി ദല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 988  വിമാനമാണ് തിരിച്ചിറക്കിയത്.

മുന്‍ ചക്രം താഴാത്തതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. സാങ്കേതിക തകരാറാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

വിമാനം പുറപ്പെട്ടപ്പോള്‍ തന്നെ മുന്‍ചക്രം പ്രവര്‍ത്തിക്കാത്തതിനാല്‍ യാത്ര സാധ്യമല്ലെന്ന് പൈലറ്റ് അധികൃതര്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷം വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തില്‍ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

മുന്‍ചക്രങ്ങള്‍ ശരിയായ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ലാന്റിങ്ങില്‍ പ്രശ്‌നമുണ്ടാകുമെന്നതിനാല്‍ അപകടസാധ്യത സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളൊന്നും കൂടാതെ വിമാനം തിരിച്ചിറക്കാനായി.

വിമാനത്തിന് പ്രശ്‌നമെന്തെങ്കിലുമുള്ളതായി അനുഭവപ്പെട്ടിരുന്നില്ലെന്നും തിരിച്ചിറക്കിയ ശേഷമാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും യാത്രക്കാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more