ന്യൂദല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കാര്‍ഗോ ഡിപ്പാര്‍ട്ട്‌മെന്റിലെ ലോഡിങ് തൊഴിലാളി കാര്‍ഗോ കംപാര്‍ട്ട്‌മെന്റില്‍ ഉറങ്ങി ചെന്നിറങ്ങിയത് അബുദാബിയില്‍. മുംബൈ-അബുദാബി ഫ്‌ളൈറ്റിലാണ് ജീവനക്കാരന്‍ അറിയാതെ ഉറങ്ങിപ്പോയത്.
എന്നാല്‍ അദ്ദേഹം സുരക്ഷിതനായി അബുദാബിയില്‍ എത്തിയതായി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി.ജി.സി.എയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഞായറാഴ്ചയിലെ ഫ്‌ളൈറ്റിലായിരുന്നു സംഭവം. ബാഗേജ് ലോഡ് ചെയ്ത ശേഷം തൊഴിലാളി അതിന് സമീപം തന്നെ ഉറങ്ങിപ്പോകുകയായിരുന്നു.
കാര്‍ഗോയുടെ വാതില്‍ അടഞ്ഞ് പോയെന്നും മുംബൈ വിമാനത്താവളത്തില്‍ നിന്നും വിമാനം ഉയര്‍ന്ന് പൊങ്ങിയ ശേഷമാണ് ജീവനക്കാരന്‍ എണീറ്റതെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.
യു.എ.ഇയിലെ അബുദാബിയില്‍ ഇറങ്ങിയ ശേഷം അവിടത്തെ അധികൃതര്‍ ലോഡിങ് തൊഴിലാളിയുടെ മെഡിക്കല്‍ എക്‌സാമിനേഷന്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അബുദാബി അധികൃതരുടെ പരിശോധനയ്ക്ക് ശേഷം അതേ വിമാനത്തില്‍ തന്നെ യാത്രക്കാരനായി അദ്ദേഹത്തെ മുംബൈയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.